സ്വർണക്കടത്ത് കേസിലെ പ്രതികൾ ബാലഭാസ്‌ക്കറിന്റെ മാനേജർമാരായിരുന്നുവെന്ന വാർത്തകൾക്ക് എതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്‌ക്കർ

96

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതികളെന്നു കണ്ടെത്തിയവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മാനേജർമാരായിരുന്നുവെന്ന വാർത്തകൾക്കെതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്‌ക്കർ.

വാർത്ത വ്യാജമാണെന്നും മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ അപകീർത്തികരമാണെന്നും വേദനാജനകമാണെന്നും ലക്ഷ്മി പറഞ്ഞു.

Advertisements

ബാലഭാസ്‌ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലക്ഷ്മിയുടെ കുറിപ്പ്. ഈ പ്രതികൾ ബാലഭാസ്‌കറിന്റെ ചില പരിപാടികൾ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവർക്ക് പ്രതിഫലവും നൽകിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ പ്രകാശ് തമ്പിയെ റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു.

ഇയാൾ ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്ന് എന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത.

ഒളിവിലുള്ള മറ്റൊരു ഇടനിലക്കാരൻ വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാൻസ് മാനേജറായിരുന്നു എന്നും വാർത്ത വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചരണം വാസ്തവ വിരുദ്ധമാണ്.

ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു.

ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

ഈ പേരുകാർക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.

അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ, ലക്ഷ്മി ബാലഭാസ്‌കർ

Advertisement