കൊല്ലം: സംസ്ഥാനത്ത് വീണ്ടും മന്ത്രവാദത്തിന് ഒരു കുട്ടി കൂടെ ഇരയായി. ഏപ്രിൽ പന്ത്രണ്ടിന് തിരുനെൽവേലിയിൽ വച്ചാണ് സംഭവം നടന്നത്.
ന്യൂമോണിയ ബാധിച്ച പെൺകുട്ടിയെ ചികിൽസിപ്പിക്കുന്നതിനു പകരം മന്ത്രവാദത്തിന് വിധേയമാകുകയായിരുന്നു.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി നൗഷാദും കുട്ടിയുടെ പിതൃസഹോദരിമാരും അറസ്റ്റിലായി.
നേരത്തെ പീഡനക്കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലത്ത് പതിനാറുകാരി മരിച്ചത് ദുർമന്ത്രവാദത്തിനിടെയെന്ന് പൊലീസ് വ്യക്തമാക്കിയത്.
ദിവസങ്ങൾക്ക് മുൻപ് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലും ദുർമന്ത്രവാദം നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.
വീട്ടിൽ സ്ഥിരമായി മന്ത്രവാദം നടത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പിലുടെയാണ് പുറംലോകം അറിഞ്ഞത്.
മന്ത്രവാദിയുടെ വാക്കുകേട്ട് ബന്ധുക്കൾ ഉപദ്രവിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് മറ്റൊരു ദുർമന്ത്രവാദത്തിന്റെ കഥ പുറത്തുവരുന്നത്.