സന്നാഹത്തിൽ കിവീസിനെതിരെ കൂട്ടത്തകർച്ച, നാണംകെട്ട് ടീം ഇന്ത്യ: നടുവൊടിച്ചത് ട്രെന്റ് ബോൾട്ടും റോസ് ടെയ്ലറും ചേർന്ന്

32

ഓവൽ: ഇന്ത്യയുടെ ലോകകപ്പ് സന്നാഹം പന്ത് കൊണ്ട് ട്രെന്റ് ബോൾട്ടും ബാറ്റുകൊണ്ട് റോസ് ടെയ്ലറും ചേർന്ന് തകർത്തു.

ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്തു.

Advertisements

ഇന്ത്യ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 13 ഓവർ ബാക്കി നിർത്തി ആധികാരികമായിതന്നെ കീവീസ് മറികടന്നു.

സ്‌കോർ ഇന്ത്യ 39.2 ഓവറിൽ 179ന് ഓൾ ഔട്ട്, ന്യൂസിലൻഡ് 37.1 ഓവറിൽ 180/4.

ഐപിഎല്ലിൽ മിന്നിത്തിളങ്ങി താരങ്ങൾ പലരും ആദ്യ സന്നാഹമത്സരത്തിൽ നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

തുടക്കത്തിലെ വമ്പനടിക്കാരനായ കോളിൻ മൺറോയെ വിക്കറ്റിന് മുന്നിൽ കുടുക്കി ജസ്പ്രീത് ബൂമ്ര ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും മാർട്ടിൻ ഗപ്ടിലും(22), ക്യാപ്റ്റൻ കെയ്ൻ വില്യാംസണും(67) ചേർന്ന് കീവീസിനെ സുരക്ഷിതമാക്കി.

ഗപ്ടിലിനെ മടക്കി ഹർദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചെങ്കിലും റോസ് ടെയ്ലറുടെ മനോഹര ഇന്നിംഗ്‌സ് ഇന്ത്യൻ പ്രതീക്ഷകളെ അടിച്ചു ബൗണ്ടറി കടത്തി.

75 പന്തിൽ 71 റൺസെടുത്ത ടെയ്ലർ വിജയത്തിന് ഒരു റണ്ണകലെ വീണെങ്കിലും ഹെൻറി നിക്കോൾസും(15 നോട്ടൗട്ട്) ടോം ബ്ലണ്ടലും(0) ചേർന്ന് വിജയം പൂർത്തിയാക്കി.

ബൂമ്ര നാലോവറിൽ രണ്ട് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ ചാഹൽ ആറോവറിൽ 37 റൺസിന് ഒരു വിക്കറ്റെടുത്തു.

8.1 ഓവർ എറിഞ്ഞ് 44 റൺസ് വഴങ്ങിയെങ്കിലും കുൽദീപ് യാദവിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് ഓൾ ഔട്ടായി.

ഒമ്പതാമനായി ക്രീസിലെത്തി 50 പന്തിൽ 54 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

എട്ടാം വിക്കറ്റിൽ ജഡേജയും കുൽദീപ് യാദവും ചേർന്നെടുത്ത 62 റൺസാണ് ഇന്ത്യയെ 150 കടത്തിയത്. 19 റൺസെടുത്ത കുൽദീപ് ആണ് അവസാനം പുറത്തായത്. 33 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടാണ് ഇന്ത്യയെ തകർത്ത്.

പച്ചപ്പുള്ള പിച്ചിൽ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള കോലിയുടെ തീരുമാനം തുടക്കത്തിലേ പാളി.രണ്ടാം ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് രോഹിത് ശർമയെ(2) വിക്കറ്റിന് മുന്നിൽ കുടുക്കി.

തൊട്ടുപിന്നാലെ ശീഖർ ധവാനെ(2) ബ്ലണ്ടലിന്റെ കൈകകളിലെത്തിച്ച് ബോൾട്ട് ഇന്ത്യക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു.

നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങി കെ എൽ രാഹുലിനെയും(6) മടക്കി ബോൾട്ട് ഇന്ത്യയുടെ തലയരിഞ്ഞപ്പോൾ നല്ല തുടക്കമിട്ട ക്യാപ്റ്റൻ വിരാട് കോലിയെ(18) കോളിൻ ഡി ഡ്രാൻഹോം ബൗൾഡാക്കി.

ധോണിയും ഹർദ്ദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഹർദ്ദികിനെ(30) വീഴ്ത്തി നീഷാമും ധോണിയെ(17) മടക്കി സൗത്തിയും അത് തല്ലിക്കൊഴിച്ചു.

എട്ടാമനായി എത്തിയ ദിനേശ് കാർത്തിക്കിനും(4) കാര്യമായി ഒന്നും ചെയ്യാനായില്ല. ന്യൂസിലൻഡിനായി ബോൾട്ട് നാലും നീഷാം മൂന്നും വിക്കറ്റെടുത്തു.

Advertisement