ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്ര പ്രദേശിൽ വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ്.
നിലവിൽ ലഭ്യമായ വിവരമനുസരിച്ച് ആന്ധ്ര പ്രദേശിൽ ആകെയുള്ള 25 ലോക്സഭാ സീറ്റുകളിൽ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നത് വൈഎസ്ആർ കോൺഗ്രസ് ആണ്.
പ്രധാന എതിരാളിയായ തെലുഗു ദേശം പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ഇത് ലോക്സഭയിലെ കണക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പിലും വൻ കുതിപ്പാണ് ജഗന്റെ പാർട്ടി നേടിയത്.
വൈഎസ്ആർ കോൺഗ്രസ് 152 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ടിഡിപിയുടെ ലീഡ് 23 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയി.
2014 നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിൽ നിന്നേറ്റ കനത്ത പരാജയത്തിൽ നിന്നാണ് ജഗന്മോഹനും പാർട്ടിയും ഇപ്പോൾ വിജയപഥത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
അത് വെറുതെ സംഭവിച്ച ഒന്നല്ല. പോയ വർഷങ്ങളിലൊക്കെ ജഗന്മോഹൻ ക്യാമ്പ് ഇത്തരത്തിലൊരു വിജയത്തിനുവേണ്ടി സാധ്യമായ എല്ലാ നീക്കങ്ങളും നടത്തിയിരുന്നു.
2014ലെ പരാജയത്തിന് പിന്നാലെ നടത്തിയ, 3500 കിമീ നീണ്ട പദയാത്രയായിരുന്നു യഥാർഥത്തിൽ അതിന്റെ തുടക്കം.
മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം യാത്രയ്ക്ക് ആധാരമായ സാക്ഷാൽ വൈഎസ്ആറിന്റെ പദയാത്രയെക്കുറിച്ചുള്ള ഓർമ്മകൾ അണികളിൽ ഉണർത്തി ജഗന്റെ പദയാത്ര.
ഹൈ ടെക് ക്യാംപെയ്നിന്റെ ആളായ ചന്ദ്രബാബു നായിഡുവിന്റെ ഏത് പ്രചരണത്തിനും അതേനാണയത്തിൽ മറുപടി നൽകാൻ ശ്രദ്ധിച്ചു ജഗൻമോഹൻ.
സ്ട്രാറ്റജി സപ്പോർട്ടിനുവേണ്ടി രണ്ടുവർഷം മുൻപ് ഐ-പാകിന്റെ പ്രശാന്ത് കിഷോറിനെ നിയമിച്ചു.
എൻഡിഎയിൽ നിന്ന് പുറത്തുവന്ന ചന്ദ്രബാബു നായിഡു മോദിയുടെ വലിയ വിമർശകനായപ്പോൾ ആന്ധ്രയിലെ ബിജെപി അനുകൂലികളുടെ പിന്തുണയും ജഗന് ലഭിച്ചു.
ഇത്തരത്തിൽ ലഭിച്ച പിന്തുണയെക്കുറിച്ച് മൗനം പാലിക്കാൻ ജഗൻമോഹൻ റെഡ്ഡി എപ്പോഴും ശ്രദ്ധിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പിന്തുണയും ജഗന് ലഭിച്ചു.
ഏറ്റവുമൊടുവിൽ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുൻപാണ് (ഫെബ്രുവരി 8) അച്ഛൻ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പകർത്തിയ സിനിമ- ‘യാത്ര’ പുറത്തുവരുന്നത്.
2004 നിയമസഭാ തെരഞ്ഞെടുപ്പിൽ, ചിത്രത്തിലില്ലാതിരുന്ന കോൺഗ്രസ് പാർട്ടി ഭരണത്തിലെത്താൻ കാരണമായ, വൈഎസ്ആർ നയിച്ച 1475 കിമീ ദൈർഘ്യമുള്ള പദയാത്രയിലായിരുന്നു സിനിമയുടെ ഊന്നൽ.
ഈ ചിത്രം കൊണ്ട് ആർക്കാണ് യഥാർഥമെച്ചം എന്നതിന്റെ തെളിവായിരുന്നു ചിത്രത്തിന്റെ ടെയിൽ എൻഡ് പോലെ വന്ന യഥാർഥ വൈഎസ്ആർ കടന്നുവരുന്ന വിഷ്വൽസ്.
വൈഎസ്ആറിന്റെ 2004ലെ സത്യപ്രതിജ്ഞാചടങ്ങോടെ അദ്ദേഹത്തെ അവതരിപ്പിച്ച മമ്മൂട്ടി സ്‌ക്രീനിൽ നിന്ന് പിൻവാങ്ങുന്നു.
പിന്നീടുള്ള മിനിറ്റുകൾ നീളുന്ന സീക്വൻസിൽ യഥാർഥ വൈഎസ്ആറും അദ്ദേഹം നടത്തിയ പദയാത്രയും പിന്നാലെ ഹെലികോപ്റ്റർ അപകടവും മരണവുമൊക്കെ കടന്നുവരുന്നു.
ജഗൻമോഹൻ റെഡ്ഡി ഒരു വേദിയിൽ നിന്ന് അണികളെ അഭിസംബോധന ചെയ്യുന്ന ദൃശ്യത്തോടെയാണ് യാത്ര അവസാനിച്ചത്.
വൈഎസ്ആറിന്റെ യഥാർഥ അനന്തരാവകാശി പ്രതിച്ഛായ ജഗൻമോഹന് പകർന്ന് നൽകുന്നതിൽ യാത്ര വിജയിച്ചുവെന്ന് അന്നേ സിനിമാ, രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു.
അത് ശരിയായിരിക്കാമെന്ന് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലവും നമ്മോട് പറയുന്നു.