വേറിട്ട പ്രമേയത്തിലൂടെ ലെസ്ബിയൻ ജീവിതം അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് ഹ്രസ്വചിത്രം ‘മീ അമോർ’.
ലെസ്ബിയൻ റിലേഷനിലേക്ക് ആകൃഷ്ടയാകുന്ന പെൺകുട്ടിയും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഒരു മെസഞ്ചർ ചാറ്റിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് മീ അമോർ സ്വീകരിച്ചിരിക്കുന്നത്.
തന്നോട് ലെസ്ബിയൻ താൽപര്യമുള്ള അപരിചിതയായ ഒരു സ്ത്രീയുമായി പ്രധാന കഥാപാത്രമായ പെൺകുട്ടിയുടെ ചാറ്റിങ്ങിലൂടെ തുടങ്ങുന്ന ചിത്രം പിന്നീട് ലെസ്ബിയൻ സാധ്യതകളിലേക്ക് അവളെ എത്തിക്കുന്നു.
തങ്ങളുടെ വികാരങ്ങളും ലൈംഗിക ചിന്തകളും തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ ഇടമില്ലാത്ത ഒരു സ്പേസിൽ അവർക്ക് സംഭവിച്ചേക്കാവുന്ന അബദ്ധങ്ങൾ ഈ ഹൃസ്വ ചിത്രം കാണിച്ച് തരുന്നു.
ആധുനിക യുഗത്തിലെ ഒരു അമ്മയും മകളും തമ്മിലുള്ള ഇഴയടുപ്പമില്ലാത്ത ബന്ധത്തെ നിശബ്ദമായി ഈ ചിത്രം നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു.
ചിത്രത്തിന്റെ ക്ളൈമാക്സിൽ ചില സന്ദേശങ്ങൾ ഈ ചിത്രം പറയാതെ പറയുന്നുണ്ട്. അത് പ്രേക്ഷകരുടെ ഭാവനക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും.
കഴിഞ്ഞദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.