മറ്റു ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ വിരാട് കോഹ്ലിക്ക് ഒറ്റക്ക് ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാനാവില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.
ഓരോ മത്സരത്തിലും ഒന്നോ രണ്ടോ കളിക്കാർ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ടീം അംഗങ്ങളുടെ പൂർണ പിന്തുണയില്ലാതെ ഒരാൾക്ക് ഒറ്റക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്നും സച്ചിൻ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഒരാൾ മാത്രം വിചാരിച്ചാൽ ഒരു ടൂർണമെന്റ് ജയിക്കാനാവില്ല.ടീം അംഗങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണ്.
നിർണായക ഘട്ടങ്ങളിലെല്ലാം ഏതെങ്കിലും ഒരു കളിക്കാരൻ അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കിൽ നിരാശയാവും ഫലം.
നാലാം നമ്പർ ബാറ്റിംഗ് പൊസിഷനെച്ചൊല്ലി അനാവശ്യ ആശങ്ക വേണ്ടെന്നും സച്ചിൻ വ്യക്തമാക്കി. നാലാം നമ്പർ ബാറ്റിംഗ് പൊസിഷൻ എന്നത് വൊറുമൊരു അക്കം മാത്രമാണ്.
ആ പൊസിഷനിൽ എന്നല്ല ഏത് പൊസിഷനിലും കളിക്കാൻ പ്രതിഭയുള്ള ബാറ്റ്സ്മാൻമാർ നമുക്കുണ്ട്. സാഹചര്യത്തിന് അനുസരിച്ച് കളിക്കുക എന്നതാണ് പ്രധാനം. അത് നാലോ ആറോ എട്ടോ ആകട്ടെ.
ഏകദിന ക്രിക്കറ്റ് പൂർണമായും ബാറ്റ്സ്മാൻമാരുടെ മാത്രം കളിയായെന്നും സച്ചിൻ പറഞ്ഞു. രണ്ട് ന്യൂബോളുകൾ അവതരിപ്പിച്ചത് റിവേഴ്സ് സ്വിംഗ് നഷ്ടമാക്കിയെന്നും സച്ചിൻ പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ അവസാനമായി റിവേഴ്സ് സ്വിംഗ് കണ്ടത് എപ്പോഴാണെന്ന് പോലും ഓർമയില്ല.
ബാറ്റ്സ്മാൻമാരുടെ ആധിപത്യം കുറക്കാൻ ഒരു ഇന്നിംഗ്സിൽ ഒരു പന്തെന്ന പഴയരീതിയിലേക്ക് മടങ്ങിപ്പോയാലും തെറ്റില്ല.
ലോകകപ്പിൽ മധ്യ ഓവറുകളിൽ കുൽദീപ് യാദവിനും യുസ്വേന്ദ്ര ചാഹലിനും ഇന്ത്യക്കായി നിർണായക റോളുണ്ടാകും.
യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇന്ത്യൻ ടീം സന്തുലിതമാണെന്നും സച്ചിൻ പറഞ്ഞു.