ഇത്തവണത്തെ ഏകദിന ലോകകപ്പിനായി മെയ് 22നാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്.
യാത്രയാകുന്നതിന്റെ തലേദിവസം മെയ് 21ന് ഇന്ത്യൻ ടീമിന്റെ നിർണായക കൂടിക്കാഴ്ച മുംബൈയിൽ നടക്കും.
ലോകകപ്പിന് മുൻപ് ആവശ്യമായ വിശ്രമം എടുക്കാനാണ് താരങ്ങളോട് ബിസിസിഐയും ടീം മാനേജ്മെന്റും നിർദേശിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിൻറെ ക്ഷീണത്തിലാണ് താരങ്ങൾ. ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും 14 മത്സരങ്ങൾ വീതം കളിച്ചു.
എംഎസ് ധോണി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങൾ ഫൈനൽ വരെയും കളിച്ചു. അതിനാൽ ലോകകപ്പിന് മുൻപ് പ്രത്യേക ടീം ക്യാമ്പൊന്നും ഇന്ത്യൻ താരങ്ങൾക്കില്ല.
ഐപിഎൽ കഴിഞ്ഞ് താരങ്ങൾ ക്ഷീണിച്ചതിനാൽ ലോകകപ്പിന് മുൻപ് ടീം ക്യാമ്പ് നടത്തുന്നത് അനുചിതമാകും എന്നാണ് മാനേജ്മെന്റിന്റെ കാഴ്ചപ്പാട്.
ലോകകപ്പിന് മുൻപ് കിട്ടിയ ചെറിയ അവധിക്കാലം ആഘോഷിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ഹിറ്റ്മാൻ രോഹിത് ശർമ്മ കുടുംബസമേതം മാലിദ്വീപിലേക്ക് പോയി.
നായകൻ വിരാട് കോലിയും സ്ഥലത്തില്ല. ഗോവയിൽ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ.
ഞായറാഴ്ചയോടെ എല്ലാവരും തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 30നാണ് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.