ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ യുവതാരം ഋഷഭ് പന്തിന് പകരം ദിനേശ് കാർത്തികിനെയായിരുന്നു തെരഞ്ഞെടുത്തത്.
എന്നാൽ സെലക്ടർമാരുടെ നടപടിയെ മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഏറെ വിമർശിച്ചിരുന്നു. നാലുപാടുനിന്നും വിമർശനങ്ങളുണ്ടായെങ്കിലും സെലക്ഷൻ മാനദണ്ഡമെന്തെന്ന് സെലക്ടർമാരോ ക്യപ്റ്റൻ വിരാട് കോഹ്ലിയോ കോച്ച് രവി ശാസ്ത്രിയോ വിശദീകരിച്ചിരുന്നില്ല.
ഇപ്പോഴിതാ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എന്തുകൊണ്ട് ദിനേശ് കാർത്തിക്കിനെ ടീമിലുൾപ്പെടുത്തി എന്ന് വെളിപ്പെടുത്താൻ ക്യപ്റ്റൻ തയ്യാറായിരിക്കുകയാണ്.
ദിനേശ് കാർത്തിക്കിന്റെ അനുഭവസമ്പത്തും ആത്മസംയമനവുമാണ് അദ്ദേഹത്തെ ടീമിലെടുക്കാൻ കാരണമെന്ന് കോഹ്ലി വ്യക്തമാക്കുന്നു. സമ്മർദ്ദ ഘട്ടങ്ങളിൽ ഇത് ടീമിന് ഉപകാരപ്പെടും.
പതിനഞ്ചംഗ ടീമിൽ ഒന്നാമത്തെ വിക്കറ്റ് കീപ്പർ എംഎസ് ധോണിയാണ്. ധോണിക്ക് പരുക്കേറ്റാൽ പകരം വിക്കറ്റ് കീപ്പറാകാനാണ് ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത്.
2004 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത് കാർത്തിക് 91 മത്സരങ്ങളിൽ നിന്നായി 1738 റൺസ് നേടിയിട്ടുണ്ട്. 73.70 സ്ട്രൈക്ക് റേറ്റുള്ള കാർത്തിക്കിന് വിക്കറ്റിന് പിന്നിൽ 61 ക്യാച്ചുകളുമുണ്ട്.
ഏഴ് പേരെ സ്റ്റമ്പങ്ങിലൂടെ പുറത്താക്കി. ഏതു ബാറ്റിങ് പൊസിഷനിലും കളിക്കാനാകുമെന്നും കാർത്തിക് തെളിയിച്ചിട്ടുണ്ടെന്നും കോഹ്ലി പറയുന്നു.
അതേസമയം, 21 കാരനായ ഋഷഭ് പന്താകട്ടെ 5 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 93 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.
33കാരനായ കാർത്തിക് സമ്മർദ്ദ ഘട്ടങ്ങളിൽ ആത്മസംയമനം പാലിക്കാറുണ്ടെന്ന് കോഹ്ലി പറയുന്നു. ഇത് ടീമിനെ തെരഞ്ഞെടുത്ത ബോർഡ് അംഗങ്ങൾക്കെല്ലാം ബോധ്യപ്പെട്ട കാര്യമാണ്.
അദ്ദേഹത്തിന് അനുഭവസമ്പത്തുമുണ്ട്. അഥവാ ധോണിക്ക് എന്തെങ്കിലും പരുക്കേറ്റാൽ ആ സ്ഥാനത്തിന് ഏറ്റവും യോജിച്ചത് ദിനേശ് കാർത്തിക്കാണെന്നും കോഹ്ലി പറയുന്നു.
ടീം സെലക്ഷനെ സംബന്ധിച്ച് എക്കാലവും ഭിന്നാഭിപ്രായങ്ങളുണ്ടാകാറുണ്ടെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും പറയുന്നു. മികച്ചവരുടെ നിരയിൽ നിന്ന് 15 പേരെ തെരഞ്ഞെടുക്കുകയെന്നത് ദുഷ്‌കരമാണെന്നും ശാസ്ത്രി പറഞ്ഞു.
ലോകകപ്പിൽ ജൂൺ 5ന് സതാംപ്ടണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.