സൂപ്പർ സംവിധായകൻ ഷങ്കർ സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ മുടങ്ങി. ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർണമായും നിർത്തി.
ഈ സിനിമ ഉപേക്ഷിച്ചതായും ചില റിപ്പോർട്ടുകൾ ലഭിക്കുന്നു. നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഈ സിനിമയിൽ നിന്ന് പിൻമാറി.
ഷങ്കറിന്റെ മുൻചിത്രമായ ‘2.0’ വലിയ കളക്ഷൻ നേടിയ സിനിമയായിരുന്നു. എന്നാൽ ചിത്രത്തിൻറെ ബജറ്റ് അധികമായിരുന്നു എന്നതിനാൽ അതൊരു ലാഭകരമായ ചിത്രം ആയിരുന്നില്ല. ലൈക തന്നെയായിരുന്നു ആ സിനിമയും നിർമ്മിച്ചത്.
‘ഇന്ത്യൻ 2’ ഒരു മികച്ച വിജയം നേടുന്ന ചിത്രമായിരിക്കും എന്ന ധാരണയിലാണ് ലൈക ചിത്രം നിർമ്മിക്കാൻ തയ്യാറായത്.
എന്നാൽ ചിത്രീകരണം പുരോഗമിക്കുന്തോറും ഈ സിനിമയുടെ ബജറ്റ് റോക്കറ്റ് പോലെ കുതിച്ചുകയറി. അതോടെ ഇന്ത്യൻ 2ൽ നിന്നു പിൻമാറാൻ ലൈക തീരുമാനിക്കുകയായിരുന്നു.
എന്നാൽ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഷങ്കർ ക്യാമ്ബിൽ നിന്ന് ലഭിക്കുന്ന വിവരം. ലൈക പ്രൊഡക്ഷൻസുമായി ഇതുസംബന്ധിച്ച് ഷങ്കർ വീണ്ടും ചർച്ച നടത്തിയേക്കും. ലൈക നിർമ്മാണത്തിന് തയ്യാറല്ലെങ്കിൽ മറ്റേതെങ്കിലും വലിയ കമ്ബനിയെ സമീപിക്കാനാണ് ഷങ്കർ ആലോചിക്കുന്നത്.
അതേസമയം, തേവർ മകൻറെ രണ്ടാം ഭാഗം ചെയ്യാനുള്ള ആലോചനകളിലാണ് ഇപ്പോൾ കമൽഹാസൻ എന്ന് മറ്റ് ചില റിപ്പോർട്ടുകളിൽ പറയുന്നു. കമൽ തന്നെ ഈ ചിത്രം സംവിധാനം ചെയ്യും.