ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎൽ ആദ്യ ക്വാളിഫയറിൽ ആറ് വിക്കറ്റിന് തറപറ്റിച്ച് മുംബൈ ഇന്ത്യൻസ് രാജകീയമായി ഫൈനലിൽ.
ചെന്നൈയുടെ 131 റൺസ് പിന്തുടർന്ന മുംബൈ ഒൻപത് പന്ത് ബാക്കിനിൽക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു.
തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് മുംബൈയുടെ വിജയശിൽപിയായപ്പോൾ നിലത്തിട്ട ക്യാച്ചുകൾ ചെന്നൈയ്ക്ക് കണ്ണീരായി. ഫൈനലിലെത്താൻ ചെന്നൈയ്ക്ക് ഒരു അവസരം കൂടിയുണ്ട്.
മറുപടി ബാറ്റിംഗിൽ രണ്ടാം പന്തിൽ രോഹിത് ശർമ്മയെ(4) ദീപക് ചഹാർ പുറത്താക്കിയത് മുംബൈയെ ഞെട്ടിച്ചു. ര
ണ്ട് ഓവറുകളുടെ ഇടവേളയിൽ ഭാജി, ഡികോക്കിനെ(8) മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ സൂര്യകുമാറും ഇഷാൻ കിഷനും മുംബൈയെ 100 കടത്തി.
താഹിർ 14ാം ഓവറിൽ ഇഷാനെയും(28) ക്രുനാലിനെയും(0) അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയതോടെ മത്സരം ആവേശമായി.
എന്നാൽ സൂര്യകുമാർ യാദവും71) ഹാർദിക് പാണ്ഡ്യയും(13) പുറത്താകാതെ മുംബൈയെ ജയതീരത്തെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ നാല് വിക്കറ്റിന് 131 റൺസെടുത്തു.
മുംബൈയ്ക്കായി രാഹുൽ ചഹാർ രണ്ടും ക്രുനാലും ജയന്തും ഓരോ വിക്കറ്റും വീഴ്ത്തി. ചെന്നൈയുടെ തുടക്കം വൻ തകർച്ചയായി.
സ്പിന്നിന് അനുകൂലമായ ചെപ്പോക്ക് പിച്ചിൽ രാഹുൽ ചഹാറും ക്രുനാൽ പാണ്ഡ്യയും ജയന്ത് യാദവും ചെന്നൈയെ വെള്ളംകുടിപ്പിച്ചു.
പവർ പ്ലേയിൽ 32 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും ഡുപ്ലസിസും(6) റെയ്നയും(5) വാട്സണും(10) പുറത്ത്. മുരളി വിജയ്ക്ക് നേടാനായത് 26 പന്തിൽ അത്രതന്നെ റൺസ്.
അഞ്ചാം വിക്കറ്റിൽ അമ്പാട്ടി റായുഡുവും എംഎസ് ധോണിയും ചെന്നൈയെ കരകയറ്റി. എന്നാൽ അവസാന ഓവറുകളിൽ കാര്യമായ അടി പുറത്തെടുക്കാൻ ഇരുവരെയും മുംബൈ ബൗളർമാർ അനുവദിച്ചില്ല.
മലിംഗയെ 19ാം ഓവറിൽ രണ്ട് സിക്‌സടിച്ച ധോണിയെ അടുത്ത ഓവറിലെ ആദ്യ പന്തിൽ ബുംറ പുറത്താക്കിയെങ്കിലും അംപയർ നോബോൾ വിളിച്ചു.
ഈ ഓവറിൽ ഒൻപത് അടിച്ച് ചെന്നൈ 131ൽ എത്തുകയായിരുന്നു. എംഎസ് ധോണിയും(29 പന്തിൽ 37) അമ്പാട്ടി റായുഡുവും(37 പന്തിൽ 42) പുറത്താകാതെ നിന്നു.