മുംബൈ ഇന്ത്യൻസിനോട് ഒൻപത് വിക്കറ്റിന്റെ പരാജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏറ്റുവാങ്ങിയതോടെ ഐപിഎല്ലിൽ പ്ലേ ഓഫ് പട്ടികയായി.
തുല്യ പോയിൻറാണെങ്കിലും(12) നെറ്റ് റൺറേറ്റിന്റെ ആനുകൂല്യത്തിൽ കൊൽക്കത്തയെ മറികടന്ന് സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാം ടീമായി.
ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി കാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് ടീമുകൾ നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.
വാംഖഡെയിൽ കൊൽക്കത്തയുടെ 133 റൺസ് പിന്തുടർന്ന മുംബൈ അനായായം ജയത്തിലെത്തുകയായിരുന്നു.
16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മുംബൈ ജയത്തിലെത്തി. ക്വിൻറൺ ഡി കോക്കിനെ(23 പന്തിൽ 30) പേസർ പ്രസിദ് പുറത്താക്കി.
എന്നാൽ അർദ്ധ സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മയും(55) സൂര്യകുമാർ യാദവും(46) ചേർന്ന് മുംബൈയെ ഒൻപതാം ജയത്തിലേക്ക് നയിച്ചു.
ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ചെന്നൈയെ മറികടന്ന് ഒന്നാമതെത്തി. ഡൽഹി മൂന്നാമതും സൺറൈസേഴ്സ് നാലാമതുമാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ഏഴ് വിക്കറ്റിനാണ് 133ലെത്തിയത്.
മൂന്ന് പേരെ പുറത്താക്കിയ മലിംഗയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദികും ബുംറയുമാണ് കൊൽക്കത്തയെ ചെറിയ സകോറിലൊതുക്കിയത്.
29 പന്തിൽ 41 റൺസെടുത്ത ലിന്നും 13 പന്തിൽ 26 റൺസുമായി റാണയും തിളങ്ങി. ഇഴഞ്ഞുകളിച്ച ഉത്തപ്പ 47 പന്തിൽ 40 റൺസെടുത്തു.
റസലിന് അക്കൗണ്ട് തുറക്കാനാകാതെ പോയപ്പോൾ കാർത്തിക് നേടിയത് മൂന്ന് റൺസ്.