ന്യൂഡൽഹിയിലാണ് പൂജ റായിയെന്ന പെൺകുട്ടിയെ ഭർത്താവും കാമുകിയും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. നാടിനെ നടുക്കിയസംഭവത്തിൽ ടെക്കിയായ രാഹുൽ കുമാർ മിശ്രയെയും കാമുകി പത്മ തിവാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.
രാഹുലും പത്മയും സ്കൂളിൽ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് തുടർപഠനത്തിനായി വ്യത്യസ്ത കോളേജുകളിൽ ചേർന്നതോടെ ഇരുവരും തമ്മിൽ യാതൊരു ബന്ധവുമില്ലാതായിരുന്നു.
എന്നാൽ, 2015ഓടെ സ്കൂളിൽ പഠിച്ചിരുന്ന സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇരുവരും തമ്മിൽ വീണ്ടും അടുത്ത ബന്ധത്തിലായി. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. അതേസമയം, ഇരുവരുടെയും ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല.
2017ൽ രാഹുൽ പൂജയെ വിവാഹം ചെയ്തു. എന്നാൽ രാഹുലും പത്മയും തമ്മിലുള്ള ബന്ധം വിവാഹശേഷവും തുടർന്നു. പത്മയുമായുള്ള ബന്ധത്തെ ചൊല്ലി രാഹുലും പൂജയും തമ്മിൽ വഴക്കിട്ടിരുന്നു.
തുടർന്ന് ഒരുമിച്ച് ജീവിക്കാനായി ഭാര്യയെ കൊലപ്പെടുത്താൻ രാഹുൽ പത്മയുമായി തീരുമാനിക്കുന്നത്. തുടർന്ന് പത്മയുടെ കമ്പനിയിൽ പൂജയ്ക്ക് ജോലി ശരിയാക്കാനെന്ന വ്യജേന റെസ്യൂമെ വാങ്ങാനായി പത്മ രാഹുലിന്റെ വീട്ടിലെത്തി.
രണ്ട് പാക്കറ്റ് ജ്യൂസുമായാണ് പത്മ പൂജയെ കാണാനെത്തിയത്. പത്മ നൽകിയ ജ്യൂസ് കുടിച്ച പൂജയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തു.
തുടർന്ന് അവശയായ പൂജയെ പത്മ തല തറയിലിടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പൂജയെ കൊന്നശേഷം ആത്മഹത്യയാണെന്ന് തെറ്റിധരിപ്പിക്കാനായി ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിനു സമീപം വെച്ചു.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിലൂടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.