ഐപിഎല്ലിലെ ഡൽഹി കാപിറ്റൽസ് താരം ഋഷഭ് പന്തിന് വിക്കറ്റിന് പിന്നിൽ റെക്കോർഡ്. ഒരു ടി20 ടൂർണമെന്റിൽ 20 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലെത്തി പന്ത്.
ഡെക്കാൻ ചാർജേഴ്സിനായി 2011ൽ 19 പേരെ പുറത്താക്കിയ കുമാർ സംഗക്കാരയുടെ ഐപിഎൽ റെക്കോർഡും പന്ത് മറികടന്നു.
അടുത്തിടെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നൂറുൽ ഹസനും 19 പേരെ പുറത്താക്കിയിരുന്നു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രണ്ട് പേരെ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് ഋഷഭ് പന്ത് നേട്ടത്തിലെത്തിയത്.
ക്ലാസനും ഗുർക്രീതുമാണ് പന്തിൻറെ ഗ്ലൗസിൽ കുടുങ്ങി പുറത്തായത്. സീസണിലാകെ 12 മത്സരങ്ങളിൽ നിന്ന് 15 ക്യാച്ചുകളും അഞ്ച് സ്റ്റംപിങുമാണ് പന്ത് നേടിയത്.
സീസണിൽ ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവെക്കുന്നത്. 12 മത്സരങ്ങളിൽ 343 റൺസ് നേടാൻ പന്തിനായി. 78 ആണ് ഉയർന്ന സ്കോർ. രണ്ട് അർദ്ധ സെഞ്ചുറികൾ നേടി.
എന്നാൽ ബാംഗ്ലൂരിനെതിരെ നാലാമനായി ബാറ്റിംഗിനിറങ്ങിയ താരത്തിന് ബാറ്റ് കൊണ്ട് ശോഭിക്കാനായില്ല.
ഏഴ് പന്തിൽ ഏഴ് റൺസെടുത്ത് താരം ചഹലിന്റെ പന്തിൽ പുറത്തായി.