പലപ്പോഴും വാഹനത്തിൽ ഇന്ധനം മാറി നിറച്ച് അബദ്ധം പറ്റിയവർ ഒട്ടേറെയുണ്ട്. നിറച്ച ഇന്ധനം മാറിപ്പോയാൽ എന്തു ചെയ്യുമെന്ന് അറിയാത്തവരാണ് പലരും.
ഡീസൽ കാറിൽ പെട്രോളും, പെട്രോൾ കാറിൽ ഡീസലും നിറച്ചു കഴിഞ്ഞാൽ എൻജിനിലെ സംഗതികളെല്ലാം കോൺഡ്രയാകുമെന്നു പറയേണ്ടതില്ല.
പമ്പിലെ എല്ലാ ജീവനക്കാരും കാർ കണ്ടറിഞ്ഞ് ഇന്ധനം നിറയ്ക്കുന്നവരായിരിക്കില്ല . അതുകൊണ്ട് ഏത് ഇന്ധനമെന്ന് പറയേണ്ട ഉത്തരവാദിത്തം കാർ ഓടിക്കുന്നയാൾക്കുമുണ്ട്.
അല്ലെങ്കിൽ ടാങ്കിന്റെ വാൽവ് ഡോറിന് മുകളിൽ ഏത് ഇന്ധനമെന്ന് എഴുതിവയ്ക്കാൻ ശ്രദ്ധിക്കുക. എന്നിട്ടും നിറച്ച ഇന്ധനം അബദ്ധത്തിൽ മാറിപ്പോയാൽ എന്തു ചെയ്യും? ഇതാ ഉത്തരം
ഇന്ധനം മാറിപ്പോയി എന്നു മനസിലാക്കിയാൽ ഉടൻ വാഹനം നിർത്തിയിടുകയാണ് വേണ്ടത്. കാർ സ്റ്റാർട് ചെയ്തിട്ടില്ലെങ്കിൽ ഇഗ്‌നിഷൻ പോലും ഓൺ ചെയ്യരുത്.
പെട്രോളിനേക്കാൾ കട്ടി കൂടിയ ഇന്ധനമാണ് ഡീസൽ. അതുകൊണ്ട് പെട്രോൾ കാറിലാണ് ഡീസൽ നിറയ്ക്കുന്നതെങ്കിൽ അത് വളരെ വേഗം തന്നെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും.
വാഹനത്തിന്റെ ഇന്ധന ഫിൽറ്ററിൽ തടസ്സം സൃഷ്ടിക്കപ്പെടുന്നതോടെ നിങ്ങളുടെ കാർ അപസ്മാരം വന്നപോലെ പെരുമാറും.
തുടർന്ന് പെട്രോളും ഡീസലുമായി കലർന്ന് വാഹനത്തിൽനിന്ന് വെള്ള പുകയും പുറന്തള്ളപ്പെടും. ഡീസൽ കാറിലാണ് പെട്രോൾ നിറയ്ക്കുന്നതെങ്കിൽ എൻജിനുണ്ടാകുന്ന ആഘാതം ഇരട്ടിയാണ്.
ഡീസൽ കാറുകളിലെ ഫ്യുവൽ ഇൻജക്ഷൻ പമ്പുകൾ പോലുള്ള ഘടകങ്ങൾ ഉയർന്ന ലൂബ്രിക്കേഷൻ ആവശ്യമുള്ളവയാണ്.
അതിലേക്ക് പെട്രോൾ പോലെയുള്ള ലൂബ്രിക്കേഷൻ കുറഞ്ഞ ഇന്ധനം ചെല്ലുമ്പോൾ അവയുടെ പ്രവർത്തനം സാവധാനം നിലയ്ക്കാൻ തുടങ്ങും.
ഡീസൽ കാറുകളിൽ ഇന്ധനം മാറിപ്പോയത് തിരിച്ചറിയാൻ അതുകൊണ്ടുതന്നെ അൽപം സമയവുമെടുക്കും. കറുത്ത പുകയാണ് പ്രാഥമിക ലക്ഷണം.
തുടർന്ന് വാഹനം നിന്നു പോകുകയും, സ്റ്റാർട് ആകാതെ വരികയും ചെയ്യും. പരിചയസമ്പന്നരല്ലെങ്കിൽ മെക്കാനിക്കിന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് ഈ സാഹചര്യത്തെ നേരിടാൻ ശ്രമിക്കരുത്.
ആദ്യം എൻജിനിൽനിന്ന് ഇന്ധനടാങ്കിലേക്കുള്ള പ്രധാന വാൽവ് വിഛേദിക്കണം. ഇന്ധനം നിറയ്ക്കുന്ന ടാങ്കിന്റെ വാൽവിലൂടെ ഇന്ധനം പരമാവധി വലിച്ചു പുറത്തുകളയണം.
അതിൽ ശേഷിക്കുന്ന ഇന്ധനം പ്രധാന ഇന്ധന ലൈനിലൂടെയും നീക്കം ചെയ്യാം. ഇനി കീ തിരിച്ച് എൻജിൻ ക്രാങ്ക്(സ്റ്റാർട്ട് ആക്കുകയല്ല, വെറുതെ കീ തിരിക്കുക മാത്രം) ചെയ്താൽ മെയിൻ ലൈനിലെ ബാക്കിയുള്ള ഇന്ധനം കൂടി വറ്റിക്കോളും.
മെയിൻ ലൈൻ വീണ്ടും ഘടിപ്പിക്കുന്നതിനു മുൻപ് 2 ലീറ്റർ ശരിയായ ഇന്ധനം ഒഴിച്ച് വീണ്ടും ക്രാങ്ക് ചെയ്യുക. ഇതോടെ മെയിൻ ലൈൻ വൃത്തിയായിക്കിട്ടും.
എല്ലാം പുനഃസ്ഥാപിച്ച ശേഷം ഫുൾ ടാങ്ക് ഇന്ധനം നിറച്ച് ഇൻജക്റ്ററുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഉൽപന്നങ്ങൾ(അഡിക്റ്റീവ്‌സ്) ഒഴിച്ചുകൊടുക്കുക.
ഇതോടൊപ്പം വാഹനത്തിന്റെ ഇന്ധന ഫിൽറ്റർ മാറ്റുകയും, സ്പാർക് പ്ലഗ് വൃത്തിയാക്കുകയും വേണം.