200 കോടി ക്ലബ്ബ് ലക്ഷമിട്ട് ബോക്‌സ് ഓഫീസിൽ വൻകുതുപ്പ് നടത്തി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നിലുള്ള ഒരു ഘടകം അതിലെ ഒളിപ്പിച്ചുവച്ച നിഗൂഢതകളായിരുന്നു.
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനാണ് മോഹൻലാൽ എന്ന് മാത്രമായിരുന്നു റിലീസിന് മുൻപ് ടൈറ്റിൽ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട വിവരം.
എന്നാൽ വലിയൊരു സർപ്രൈസ് ക്ലൈമാക്സിൽ ചിത്രം കാത്തുവച്ചിരുന്നു. ലോകത്തിലെ അധികാരകേന്ദ്രങ്ങളെയാകെ നിയന്ത്രിക്കുന്ന വെളിപ്പെടാത്ത ചില ശക്തികളുണ്ടെന്ന, ഇല്യൂമിനാറ്റി പോലെയുള്ള നിഗൂഢതാ സിദ്ധാന്തങ്ങളെ ചില ചിഹ്നങ്ങളിലൂടെയും മറ്റും ചിത്രം പ്രേക്ഷകർക്ക് സൂചനയും നൽകി.
ക്ലൈമാക്സിന് പിന്നാലെ അബ്രാം ഖുറേഷി എന്ന മറ്റൊരു മേക്കോവറിൽ മോഹൻലാലിനെ കണ്ടതോടെ നിരവധി വ്യാഖ്യാനങ്ങൾ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ച് മൊത്തത്തിലും ഫേസ്ബുക്ക് സിനിമാഗ്രൂപ്പുകളിൽ ഉണ്ടായി.
ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് സംവിധായകനോ രചയിതാവോ ഉറപ്പൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകൾ ഇരുവരും തള്ളിക്കളഞ്ഞിട്ടുമില്ല.
അതേതായാലും അത്തരത്തിലൊരു രണ്ടാംഭാഗമുണ്ടെങ്കിൽ അതിന് ഏറ്റവും സാധ്യതയുള്ള അബ്രാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ അപരാസ്തിത്വത്തെ ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാർ. എന്തൊക്കെയാണ് അബ്രാം ഖുറേഷി എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.
ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസികളിലേക്ക് പോലും കടന്നുകയറാൻതക്ക സന്നാഹങ്ങളുള്ളതാണ് അബ്രാം ഖുറേഷിയുടെ സാമ്രാജ്യമെന്ന് വീഡിയോ പറയുന്നു.
ന്യൂയോർക്ക് ടൈംസും ഗാർഡിയനും ഡോണും പോലെയുള്ള ലോകത്തിലെ പ്രധാന വർത്തമാനപത്രങ്ങളിൽ അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളുടെ രീതിയിലാണ് കഥാപാത്രത്തെ വിശദീകരിച്ചിരിക്കുന്നത്.
അതുപ്രകാരം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് വിവരം നൽകിയിട്ടുള്ള ആളാണ് അബ്രാം.
ലോകമാകമാനം നെറ്റുവർക്കുകളുള്ള, എന്നാൽ ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത, ഒരിക്കലും വെളിപ്പെടാത്ത, മയക്കുമരുന്ന് മാഫിയകൾക്ക് എപ്പോഴും പേടിസ്വപ്നമായ വ്യക്തിത്വമാണ് അബ്രാം ഖുറേഷിയെന്നും പറഞ്ഞുവെക്കുന്നു ഈ വീഡിയോ.