ഏകദേശം ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ഒരു ദുൽഖർ സൽമാൻ ചിത്രം പ്രദർശനത്തിനെത്തുകയാണ്.
ബിജോയ് നമ്പ്യാർ ഒരുക്കിയ സോളോയാണ് ദുൽഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബർ അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്.
ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങൾക്കു ശേഷം യമണ്ടൻ പ്രേമകഥ പ്രേക്ഷകരിലേക്ക് എത്തുകയാണ്. താൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മയ്ക്ക് വളരെ ടെൻഷനാണെന്ന് പറയുകയാണ് ദുൽഖർ.
മലയാളത്തിൽ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോൾ ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്.
ഇങ്ങിനെ വെറുതെ ഇരുന്നാൽ മതിയോ? ഇന്നു കഥ ഒന്നും കേൾക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാൻ ആണെങ്കിൽ നാളെ ഒരു കഥ കേൾക്കുന്നുണ്ട് എന്നൊക്കെ പറയും.
പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോൾ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും.’ ദുൽഖർ മനോരമയുമായുള്ള ചാറ്റ് ഷോയിൽ പറഞ്ഞു.
നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് ടീം ആണ്.
ചിത്രത്തിൽ ലല്ലു എന്ന നാട്ടൻപുറത്തുകാരനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, ധർമ്മജൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർടെയ്നർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാർ ആണ്. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.