താൻ കളിക്കളത്തിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ധോണിയുമായി ആലോചിച്ച ശേഷമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി.
തന്റെ പൂർണ്ണ സമ്മതത്തോടെയാണ് ധോണി കളിക്കളത്തിൽ ഫീൽഡിംഗ് നിയന്ത്രിക്കാറുളളതെന്നും കോഹ്ലി പറയുന്നു.
ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് കോഹ്‌ലി മനസ്സ് തുറന്നത്. ധോണിയ്ക്കെതിരെ ആരാധകർ പലപ്പോഴും അനാവശ്യമായി തിരിയുന്നതും താൻ കാണാറുണ്ടെന്നും കോഹ്‌ലി പറയുന്നു.
30 35 ഓവറുകൾക്ക് ശേഷം ഞാൻ ഔട്ട് ഫീൽഡിലായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. പിന്നീട് ഫീൽഡ് പ്ലേസിങ്ങെല്ലാം തീരുമാനിക്കുന്നത് ധോണിയുമായി ആലോചിച്ചാണ്.
ചിലതെല്ലാം ധോണിയുടെ തീരുമാനങ്ങളായിരിക്കും. അത്തരത്തിൽ തീരുമാനങ്ങൾ ഉണ്ടാകുന്നത് ഞാനും ധോണിയും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമായിട്ടാണ്.
എന്നാൽ ധോണി പലപ്പോഴും ക്രിക്കറ്റ് ആരാധകരുടെ വിമർശനങ്ങൾക്ക് ഇരയാകുന്നു. മോശം ഫോമിൽ കളിക്കുമ്പോഴെല്ലാം ആരാധകർ ധോണിക്കെതിരെ തിരിഞ്ഞിട്ടുണ്ട് കോഹ്ലി പറഞ്ഞു.
കളിയെ കുറിച്ച് മറ്റാരേക്കാളും ബോധ്യവും അറിവുമുളളയാളാണ് ധോണിയെന്നും ആദ്യ പന്ത് മുതൽ അവസാന പന്ത് വരെ ധോണിയുടെ പൂർണ്ണ ശ്രദ്ധ കളിക്കളത്തിലായിരിക്കുമെന്നും കോഹ്‌ലി പറയുന്നു.
അതെസമയം ടീമിന്റെ തന്ത്രങ്ങളിൽ ടീം മാനേജ്മെന്റിനൊപ്പം ഞാനും ധോണിയും രോഹിതും ഭാഗമാവാറുണ്ടെന്നും കോഹ്ലി കൂട്ടിച്ചേർത്തു.