ഈ ന്യൂജെൻ കാലഘട്ടത്തിൽ വിവാഹം വ്യത്യസ്തമാക്കാൻ പ്രീവെഡ്ഡിംഗ് ഷൂട്ടും, പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുമൊക്കെ ഗംഭീരമാക്കാൻ ഇന്ന് എല്ലാവരും ശ്രമിക്കാറുണ്ട്.
ഇതിനായി എന്ത് സാഹസത്തിനും വധുവും വരനും തയ്യാറാകാറുമുണ്ട്. ചിലതൊക്കെ പ്രതീക്ഷിച്ചത്ര ഗംഭീരമാകില്ലെങ്കിലും വൈറലാകാറുണ്ട്.
ഇപ്പോൾ ഇത് പോലെയുള്ള ഒരു സേവ് ദ് ഡേറ്റ് വീഡിയോയാണ് തരംഗമാകുന്നത്.
എന്നാൽ ഈ സേവ് ദ് ഡേറ്റ് വീഡിയോ വൈറലായത് ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് ചെറുക്കനും പെണ്ണും വെള്ളത്തിൽ വീണതോടെയാണ്.
ടിജിൻ, ശിൽപ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയിൽ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്.
മഴപെയ്യുന്നതും കയ്യിൽ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമാണ് സീൻ. പുഴയിൽ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്.
രണ്ടുപേരും റൊമാൻഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം ക്യാമറാമാൻ നിർദേശം കൊടുക്കുന്നതു കേൾക്കാം.
എന്നാൽ വധുവിനെ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ വീഴുകയായിരുന്നു.
ആഴമില്ലാത്ത ഭാഗത്തായിരുന്നതിനാൽ ഇരുവർക്കും അപകടമൊന്നുമുണ്ടായില്ല.
ഇതിന് മുൻപ് ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും വധുവായ തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തിൽ വീണ വീഡിയോയും വൈറലായിരുന്നു.
കുട്ടനാട്ടിൽ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിർദേശങ്ങൾ ക്യാമറാമാൻ നൽകുന്നുണ്ടായിരുന്നു.
പ്രിയ അൽപ്പം ഭയത്തിലായിരുന്നു. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു.