മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക പേജില്‍ സഹായം അഭ്യര്‍ഥിച്ച പ്രേംകുമാറിന് കൈത്താങ്ങായി മമ്മൂട്ടി തന്നെ നേരിട്ട് ഇടപെടുന്നു. കഴിഞ്ഞ ദിവസം ആരാധകര്‍ പിന്തുണയറിച്ചതിന് പിന്നാലെ പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസച്ചിലവ് മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു.
മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മധുരരാജ പോസ്റ്ററിന് താഴെയാണ് വീടും സ്ഥലവുമില്ലെന്ന് ആരാധകന്‍ കമന്റ് ചെയ്തിരുന്നു. പത്തനാപുരം പുനലൂര്‍ സ്വദേശിയായ പ്രേം കുമാര്‍ ആണ് അഭ്യര്‍ഥനയുമായി എത്തിയത്.
ഞാന്‍ അസുഖ ബാധിതനായി നാലുവര്‍ഷം കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക എന്നായിരുന്നു കമന്റ്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കഴിയുന്ന സഹായം ചെയ്യണമെന്ന സന്ദേശം ആരാധകര്‍ ഗ്രൂപ്പുകളിലും മറ്റും പങ്കുവെച്ചു.
പിന്നാലെ കമന്റ് മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരുപം:
പ്രിയപ്പെട്ടവരെ,
ഇന്നലെ മമ്മൂക്കയുടെ പേജില്‍ ‘മധുര രാജ ‘ സിനിമയുടെ പോസ്റ്റിനു താഴെ പ്രേംകുമാര്‍ എന്ന വ്യക്തി സഹായം അഭ്യര്‍ത്ഥിച്ചു ഇട്ട ഒരു കമ്മന്റ് ഇതിനോടകം നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. ഈ കമന്റ് മമ്മുക്കയുടെ ശ്രദ്ധയില്‍ പെടുന്നത് വരെ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ട് ആയിരക്കണക്കിന് ആളുകള്‍ ആണ് ഷെയര്‍ ചെയ്തിരുന്നത് എന്ന് മനസ്സിലായി. ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ വാട്‌സാപ്പിലൂടെയും മറ്റും അത് അയച്ചു തരുന്നുമുണ്ട്.
ഇന്നലെ തന്നെ നിങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിഹാരം ഉണ്ടായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക അത് കണ്ടു. ഉടനടി വിഷയം പഠിക്കാന്‍ നമ്മുടെ ഓഫിസിനെ ചുമതലപെടുത്തിയിരുന്നു. അതിനെ തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടര്‍ന്ന് മാനേജിങ് ഡയറക്ടര്‍ റവ. ഫാ: തോമസ് കുര്യന്‍ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു
നിലവില്‍ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളില്‍ ഒന്നും പരിഹരിക്കാന്‍ ആവുന്ന പ്രശ്‌നങ്ങള്‍ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നല്‍കുന്നതാണ്.കൂടാതെ മമ്മുക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സന്ദര്‍ശിക്കുകയും സഹായിക്കാവുന്ന കൂടുതല്‍ സാദ്ധ്യതകള്‍ ആരായുന്നതുമാണ്.