കൊച്ചി: യുവ സീരിയല്‍ നടിയും അമ്മയും സഹോദരിയും പ്രതികളായ കള്ളനോട്ട് കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കട്ടപ്പന പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ 14 പ്രതികളാണുള്ളത്.
ഇതില്‍ ഒളിവില്‍ കഴിയുന്ന ഒരാളൊഴികെ 13 പേരാണ് അറസ്റ്റിലായത്. കട്ടപ്പന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന സിഐ വിഎസ് അനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കൊല്ലം മുളങ്കാടകം വനിത ഐടിഐക്ക് സമീപം ഉഷസില്‍ രമാദേവി (56), മൂത്തമകളും സീരിയല്‍ നടിയുമായ സൂര്യ (36), ഇളയ മകള്‍ ശ്രുതി (29) എന്നിവരെ പൊലീസ് അറസ്റ്ര് ചെയ്തത്.
കട്ടപ്പനയില്‍ തോട്ടം മേഖലയില്‍ കടകളില്‍ നിന്ന് നിസാര സാധനങ്ങള്‍ വാങ്ങി വലിയ നോട്ടുകള്‍ മാറ്റിയ ചിലരെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു യുവാവ് കുടുങ്ങിയതോടെയാണ് സീരിയല്‍ നടിയുടെയും കുടുംബത്തിന്റെയും കള്ളനോട്ട് ബന്ധം പുറത്തറിയുന്നത്.
രമാദേവിയുടെ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളക്കമ്മട്ടം സ്ഥാപിച്ചിരുന്നത്. വിപണിയില്‍ വിതരണത്തിന് തയ്യാറാക്കി വച്ചിരുന്ന 57 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ അന്ന് പൊലീസ് പിടിച്ചെടുത്തു.
പ്രതിപട്ടികയിലുള്ള ഒരു സ്വാമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കള്ളനോട്ടടിയിലേക്ക് ഇവര്‍ തിരിഞ്ഞത്. പ്രയത്‌നമില്ലാതെ സമ്പന്നരാകാന്‍ സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ പൂജകളും ആഭിചാരങ്ങളും നടത്തിയെങ്കിലും ധനം വന്നുചേര്‍ന്നില്ല.
തുടര്‍ന്നാണ് പണക്കാരാകാനുള്ള കുറുക്കുവഴി എന്ന നിലയില്‍ കള്ളനോട്ടിലേക്ക് തിരിയാന്‍ സ്വാമി നിര്‍ദേശിച്ചത്. നോട്ടടിയില്‍ വൈഭവമുള്ള യുവാവിനെയും പണം വിപണിയിലിറക്കാന്‍ വൈദഗ്ദ്ധ്യമുള്ള മറ്രൊരാളെയും കണ്ടെത്തിയത് സ്വാമിയായിരുന്നു.
കമ്പ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെയുള്ള അച്ചടി സാമഗ്രികളും സാങ്കേതിക ജ്ഞാനവും സ്വാമിയാണ് ഏര്‍പ്പാടാക്കിയത്. ഗിരീഷ് എന്ന പ്രതി മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്. കേസില്‍ ആഴ്ചകളോളം റിമാന്‍ഡിലായ പ്രതികള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
ഇതിനിടെ അമ്മയും മക്കളും ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സീരിയല്‍ നടിയായ സൂര്യ ആയിരുന്നു സംരംഭത്തിന് മുതല്‍ മുടക്കിയത്. സീരിയല്‍ നടിയുടെ കുടുംബത്തിന് ലാഭത്തിന്റെ 50 ശതമാനമാണ് ലഭിച്ചത്.
ബാക്കി 50 ശതമാനം സംഘത്തിലെ മറ്റെല്ലാവരും ചേര്‍ന്ന് വീതിച്ചെടുക്കുന്നതായിരുന്നു രീതി. അയല്‍വീടുകളുമായി ഒരു ബന്ധവും സ്ഥാപിക്കാതെ കൂറ്റന്‍ മതില്‍ക്കെട്ടിനകത്തെ വീട്ടിലായിരുന്നു ഇവരുടെ താമസം.
സീരിയല്‍ രംഗത്ത് ഭാഗ്യം പരീക്ഷിച്ച യുവതിയുടെ കുടുംബത്തെ ചിലര്‍ ചതിക്കുഴിയില്‍പ്പെടുത്തി വന്‍ തുക തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ കള്ളനോട്ടടിയിലേക്ക് തിരിഞ്ഞതെന്ന് നാട്ടില്‍ സംസാരമുണ്ട്. ഒളിവില്‍ കഴിയുന്ന ഗിരീഷാണ് സ്വാമിയെന്നും സംശയിക്കുന്നു.