വിശക്കുന്നെടാ ഒരു ബിസ്‌ക്കറ്റ് താടാ: വിശപ്പു സഹിക്കാനാകാതെ പലപ്പോഴും സഹപാഠികളോട് ബിസ്‌ക്കറ്റ് അവന്‍ ചോദിച്ചുവാങ്ങി, നെഞ്ച് പിടഞ്ഞുപോകും ആ കുരുന്ന് അനുഭവിച്ച ക്രൂരത അറിഞ്ഞാല്‍

54

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരണത്തിന് കീഴങ്ങിയ ആ ഏഴുവയസുകാരനെക്കുറിച്ച് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പറയാന്‍ ഒരുപാടുണ്ട്.

എനിക്കു വിശക്കുന്നെടാ ഒരു ബിസ്‌ക്കറ്റ് താടാ വിശപ്പു സഹിക്കാനാകാതെ പലപ്പോഴും സഹപാഠികളോട് ബിസ്‌ക്കറ്റ് അവന്‍ ചോദിച്ചുവാങ്ങിയിരുന്നു. അടുത്ത ക്ലാസിലേക്ക് അവനില്ലല്ലോയെന്ന ചിന്തയിലാണ് സഹപാഠികള്‍.

Advertisements

കഴിഞ്ഞ മാസം 27 ന് ആണ് കുട്ടികള്‍ അവസാനമായി സ്‌കൂളിലെത്തിയത്. അധ്യയന വര്‍ഷം അവസാനിക്കുന്നതിനോടനുബന്ധിച്ച് പായസം ഒരുക്കിയിരുന്നു. 2 പേരും അതു കഴിച്ചു സന്തോഷമായാണു മടങ്ങിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അന്നു രാത്രിയായിരുന്നു അരുണിന്റെ ക്രൂര പീഡനം. 28ന് ഒരു പരീക്ഷ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും കുട്ടി എത്തിയില്ല. അമ്മയെ വിളിച്ചപ്പോള്‍ കട്ടിലില്‍ നിന്നു വീണ് പരിക്കേറ്റുവെന്നാണ് പറഞ്ഞത്.

ക്ലാസില്‍ എപ്പോഴും സന്തോഷത്തോടെ ഇരുനിന്നിരുന്ന അവന്റെയുള്ളില്‍ ഇത്രയേറെ വേദനയുണ്ടായിരുന്നവെന്ന് തിരിച്ചറിഞ്ഞില്ലെന്ന് അദ്ധ്യാപകന്‍ പറഞ്ഞു. കുഞ്ഞിനെ ഇല്ലാതാക്കിയ ആ കൊലയാളിക്ക് ഏറ്റവും കടുത്ത ശിക്ഷ എത്രയും വേഗം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷത്തിനിടെ മൂന്ന് സ്‌കൂളിലാണ് അവന്‍ പഠിച്ചത്. ഉടുമ്പന്നൂരിലെ വീടിനു സമീപമുള്ള തട്ടക്കുഴ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം പഠിച്ചിരുന്നത്.

തുടര്‍ന്ന്, അമ്മ അരുണിനൊപ്പം തിരുവനന്തപുരത്ത് താമസം തുടങ്ങിയതോടെ അവിടെ സ്‌കൂളില്‍ ചേര്‍ത്തു. ഒരു മാസം മുന്‍പ് തിരിച്ചെത്തി കുമാരമംഗലത്ത് വാടക വീട് എടുത്തതോടെ സമീപത്തുള്ള ഗവ. സ്‌കൂളിലാക്കി.

ഇളയ കുട്ടിയെ എല്‍കെജിയിലും ചേര്‍ത്തു. വിവരിക്കാന്‍ കഴിയാത്തവിധം ക്രൂര പീഡനങ്ങള്‍ ആ കുഞ്ഞു ശരീരം ഏറ്റുവാങ്ങിയിരുന്നെന്നു ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത് കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ്.

Advertisement