മുംബൈ ഇന്ത്യന്‍സിന് എതിരായ തോല്‍വി: സ്വന്തം ടീമിനെതിരേ പൊട്ടിത്തെറിച്ച് ധോണി

21

ഈ സീസണിലെ ആദ്യ പരജായം മുംബൈ ഇന്ത്യന്‍സിനോട് രുചിച്ച സങ്കടത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. മത്സരത്തിന് പുറകെ ടീമിന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ നായകന്‍ എം എസ് ധോണി.

മികച്ച രീതിയിലാണ് തങ്ങള്‍ തുടങ്ങിയതെന്നും പത്തോ പന്ത്രണ്ടോ ഓവര്‍ വരെ എല്ലാം ശരിയായി തന്നെ നടന്നുവെന്നും എന്നാല്‍ തുടര്‍ന്ന് ചില ക്യാച്ചുകള്‍ വിട്ടുകളഞ്ഞതും ഫീല്‍ഡിങിലെ മോശം പ്രകടനവും ടീമിന് തിരിച്ചടിയായെന്നും ഡെത്ത് ഓവറുകളില്‍ ബൗളിങ് വളരെ മോശമായിരുന്നവെന്നും മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഇല്ലാത്തത് തിരിച്ചടിയായെന്നും എംഎസ് ധോണി പറഞ്ഞു.

Advertisements

അവസാന ഓവറുകളില്‍ എട്ട് പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് മത്സരം മുംബൈയുടെ കൈപടിയിലാക്കിയത്.

പൊള്ളാര്‍ഡ് ഏഴ് പന്തില്‍ 17 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. അവസാന ഓവറില്‍ മാത്രം 29 റണ്‍സാണ് മുംബൈ നേടിയത്. എതിര്‍ ടീമിലെ കളിക്കാര്‍ക്കെതിരെ വ്യക്തമായ പദ്ധതികളോടെടെയാണ് ടീം ഇറങ്ങിയതെന്നും ബൗണ്ടറി നേടുന്നത് തടയുക എന്നതായിരുന്നു പ്രധാന തന്ത്രമെന്നും ധോണി വ്യക്തമാക്കി.

വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയെ 37 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 170 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈയുടെ ലീഗിലെ രണ്ടാം ജയമാണിത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് മലിങ്ക, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവരുടെ ബൗളിങ്ങാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. ജാസണ്‍ ബെഹര്‍ന്‍ഡോര്‍ഫ് രണ്ട് വിക്കറ്റ് നേടി. ചെന്നൈയുടെ ബാറ്റിങ് നിരയില്‍ കേദര്‍ ജാദവിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

ജാദവ് 54 പന്തില്‍ നിന്ന് 58 റണ്‍സെടുത്തു. ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ജാദവിന് പുറമെ സുരേഷ് റെയ്‌ന(16), ധോണി(12), ശ്രാദുല്‍ ഠാക്കുര്‍ (12) എന്നിവരാണ് രണ്ടക്കം കടന്നത്. നേരത്തെ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി.

മുംബൈയുടെ തുടക്കവും തകര്‍ച്ചയിലായിരുന്നു. ഡി കോക്കിന്റെയും രോഹിത്ത് ശര്‍മ്മയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം വന്ന സുര്യകുമാറാണ് മുംബൈയെ കരകയറ്റിയത്.

43 പന്തില്‍ സുര്യകുമാര്‍ 59 റണ്‍സെടുത്തു.സഹോദരങ്ങളായ ക്രുനാല്‍ പാണ്ഡ്യയും(42), ഹാര്‍ദ്ദിക്ക് പാണ്ഡ്യയും (25) മികച്ച ബാറ്റിങ് കാഴ്ചവച്ചു. എട്ട് പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക്ക് 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്.

പൊള്ളാര്‍ഡ് 7 പന്തില്‍ 17 റണ്‍സെടുത്തും മുംബൈ ഇന്നിങ്‌സിന് വേഗത കൂട്ടി. ചെന്നൈയ്ക്ക് വേണ്ടി ചാഹര്‍, മോഹിത്ത് ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ജഡേജ, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement