ലൂസിഫര്‍ ‘ആഗോള’ ആക്ഷനും ആഘോഷവും പ്രശസ്ത നിരൂപകൻ രഘുനാഥൻ പറളി എഴുതുന്നു

37

താരാഘോഷത്തിന്റെ മറ്റൊരു മാസ് എന്റര്‍ടെയ്ന്‍മെന്റ് പതിപ്പ് തന്നെയാണ് നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രം അനുഭവപ്പെടുത്തുന്നത്.

‘പുലിമുരുകന്‍ ‘‍‍ ചിത്രങ്ങളെ ‍ പുല്‍കുന്ന ഒരു മാനസിക തലം (എന്നില്‍ അതുകൂടി ഉണ്ടെന്നു പറയട്ടെ..!) തന്നെയാണ് ഇവിടെയും ആസ്വാദനത്തിന് ആദ്യം അനിവാര്യമായിട്ടുളളത്. ചിത്രത്തിലെ ദേശീയ (രാഷട്രീയ) അന്തര്‍ദ്ദേശീയ അധോലോക, ആക്ഷന്‍ രംഗങ്ങള്‍ സാമാന്യ പ്രേക്ഷകരെ അമ്പരപ്പിക്കുകയും മാനസികമായി സംതൃപ്തരാക്കുകയും ചെയ്യാതിരിക്കില്ല.

Advertisements

രാഷട്രീയം ഇന്ന് അടിസ്ഥാനപരമായി രാഷ്ട്രീയക്കാരുടെ കൈയ്യിലല്ലെന്നും അത് വലിയ ദല്ലാളന്‍മാരുടെയും കോര്‍പ്പറേറ്റ് രാജാക്കന്‍മാരുടെയും മാഫിയാത്തലവന്‍മാരുടെയും കൈയ്യിലാണെന്നും പറയാതെ പറയുക കൂടിയാണ്, മുരളി ഗോപി തിരക്കഥ രചിച്ചിട്ടുളള ലൂസിഫര്‍.

ഈ രാഷട്രീയവീക്ഷണത്തോട് യോജിച്ചാലും ഇല്ലെങ്കിലും, തന്റെ ബോധ്യത്തിലെ, നടപ്പുകാര്യങ്ങള്‍ കഥപപോലെ പറഞ്ഞുകൊടുക്കുന്ന ഒരു രസതന്ത്രം (പതിവു ബൗദ്ധികത ബോധപൂര്‍വ്വം അല്പം കുറച്ചുകൊണ്ടുതന്നെ) മുരളിയ്ക്കു ഇവിടെ സാധിക്കുന്നുണ്ട്. Man is the only animal that laughs and has a state legislature (സ്വയം ചിരിക്കാന്‍ കഴിയുന്ന,

രാജ്യത്ത്‍ നിയമസഭ നിലനിര്‍ത്തുന്ന ചെയ്യുന്ന ഏക ജീവി) എന്ന, സാമുവല്‍ ബട്ലര്‍ എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന്റെ വാചകങ്ങള്‍‍ക്ക്, പുതിയ വായനകള്‍ സൃഷ്ടിക്കുക കൂടിയാണ് ഇത്തരം മാസ് സിനിമകള്‍ ചെയ്യുന്നത്. ഇന്ത്യന്‍ രാഷട്രീയത്തേക്കാള്‍ വലിയ കോമഡിയുണ്ടോ എന്ന പി കെ ആറിന്റെ മകന്‍ ജതിന്‍ രാംദാസിന്റെ (ടൊവിനോ തോമസ്), തിരഞ്ഞെടുപ്പു സമയത്തെ ചോദ്യം തന്നെ അതില്‍ നിന്നു രൂപപ്പെടുന്നതാണ്.

പി കെ രാംദാസ് എന്ന ജനപ്രിയ മുഖ്യമന്ത്രിയെ (സച്ചിന്‍ ഖ‍ഡേക്കര്‍) വിദഗ്ദമായി ഇല്ലായ്മചെയ്യാന്‍ പോലും കരുത്തുളള, അധികാര ക്രയവിക്രയത്തിലൂടെ, ശതകോടികളുടെ ‍വിനാശകാരിയായ ഡ്രഗ് ബിസിനസിന് പോലും ആസൂത്രണം സാധ്യമാകുന്ന വലിയ ഒരു ക്രമിനല്‍ പശ്ചാത്തലത്തിലാണ് സിനിമ അതിന്റെ വലിയ താരലോകം തുറക്കുന്നത്.

പി കെ രാമദാസിന്റെ മകന്‍ എന്നു തന്നെ വിവക്ഷിക്കപ്പെടുന്ന സ്റ്റീഫന്‍ നെടുമ്പളളി എന്ന- ലൂസിഫര്‍ ഭാവം കൂടിയുളള-(രാജവെമ്പാലയെക്കാള്‍ അപകടകാരി എന്ന് ഗോവര്‍ദ്ധന്‍ എന്ന മീഡിയ ആക്ടിവിസ്റ്റ് -ഇന്ദ്രജിത്ത് -വിശേഷിപ്പിക്കുന്ന) ഖമാം ഖൊറേഷി എന്ന അന്താരാഷട്ര അധോലോക തൈക്കൂൺ(മോഹന്‍ലാല്‍) ഒരു അവതാരം പോലെ ഇറങ്ങിവന്ന് എല്ലാം ഒരു ‘ലെവലി’ലാക്കി മടങ്ങുന്നതാണ് ചിത്രത്തിന്റെ ലളിതമായ ഇതിവൃത്തം.

അയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന രാഷട്രീയം എന്നാല്‍ നന്മയും തിന്മയും തമ്മിലുളള യുദ്ധമാണ് എന്ന കള്ളം നമ്മള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ വിറ്റതാണ്- എന്നാല്‍ അത് തിന്മയും തിന്മയും തമ്മിലുളള യുദ്ധമാണ്,വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുളളത് എന്ന ഒരു തിരുത്തല്‍ കൂടി ഈ കഥാപാത്രം നടത്തുന്നുണ്ട്.

അയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഹിറ്റ് ഗ്രൂപ്പ് തലവന്‍ (ഗ്യാങ്സ്റ്റര്‍) സയ്യിദ് മസൂദ് ആയി സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് തന്നെ രംഗപ്രവേശം ചെയ്യുന്നു.

തികഞ്ഞ ആക്ഷന്‍ ചിത്രമായി മാറുന്ന ഈ സിനിമ ഒരു നവസംവിധായകന്റെ ചിത്രമായി നമുക്ക് അനുഭവപ്പെടുന്നില്ലെന്നത് വാസ്തവമാണ്. തിരക്കഥയുടെ സജീവതയും ചിത്രത്തിന്‍റെ സാങ്കേതിക മികവും അതിന് അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട്.

ദീപക് ദേവിന്റെ സംഗീതവും സുജിത് വാസുദേവിന്റെ ക്യാമറയും എടുത്തു പറയേണ്ടതുണ്ട്. അതേസമയം ഒരു സംവിധായകന്റെ വ്യത്യസ്തമായ ഒരു അടയാളം ഈ ചിത്രത്തില്‍ പൃഥ്വിരാജിന് കഴിഞ്ഞുവോ എന്ന ചോദ്യം ബാക്കിയാകുുന്നുമുണ്ട്.

വിവേക് ഒബ്റോയിയുടെ വില്ലന്‍ വേഷവും മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി (പികെആറുടെ മൂത്ത മകള്‍) എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. സായികുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, നന്ദു, സാനിയ ഇയ്യപ്പന്‍, നൈല എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ശ്രദ്ധയോടെ അവതരിപ്പിക്കുന്നു.

മോഹന്‍ലാല്‍-പൃഥ്വരാജ്-ടൊവിനോ തോസമ്-മുരളി ഗോപി-ആന്‍റണി പെരുമ്പാവൂര്‍ സഖ്യം, സിനിമാ വ്യവസായത്തിന്റെ മാസ് സ്വഭാവമുളള കച്ചവട സാധ്യതകളിലേക്ക്, എഴുതിയും അഭിനയിച്ചും കയറിപ്പോകുന്നതാണ് ചുരുക്കത്തില്‍ ലൂസിഫറില്‍ നമ്മള്‍ കാണുന്നത്.

പുറത്താക്കപ്പെട്ട, വെളിച്ചമേന്തുന്ന മാലാഖ അഥവാ സാത്താന്‍ എന്ന സങ്കല്പമുളള ‘ലൂസിഫര്‍ ‘‍ എന്ന സിനിമാ ശീര്‍ഷകത്തില്‍പ്പോലും അതല്ലെങ്കില്‍ മറ്റെന്താണുളളത്?!

Advertisement