ചെന്നൈ: ആ പെണ്‍കുട്ടി തന്നെ വെറുതെ വിടാന്‍ കേണപേക്ഷിച്ചിട്ടും അയാള്‍ തയ്യാറായിരുന്നില്ല. അവളെ സ്വന്തമാക്കാനായി അവളുടെ ഭര്‍ത്താവിന്റെ ജീവനെടുക്കുകയും ചെയ്തു.
ഒടുവില്‍ അവള്‍ പ്രതികാര ദുര്‍ഗയായതോടെ അയാള്‍ക്ക് നഷ്ടമായത് വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യവും കുടുംബത്തിലെ സ്വസ്ഥതയും.
ലോകമെമ്പാടും അറിയപ്പെടുന്ന ശരവണഭവന്‍ ഹോട്ടല്‍ ശൃംഗലയുടെ ഉടമ പി. രാജഗോപാലാണ് ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ തോറ്റു പത്തി മടക്കിയത്.
സുപ്രീംകോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍ സ്ത്രീകളുടെ മാനത്തിനു വിലയിടുന്നവര്‍ക്കെതിരേയുള്ള ഒരു വിധി കൂടിയായി അതുമാറി.
20 കൊല്ലം മുമ്പ് തുടങ്ങിയ കഥയാണ് ഇപ്പോള്‍ ക്ലൈമാക്സിലെത്തിയിരിക്കുന്നത്. 20കാരിയെ കല്യാണം കഴിച്ചാല്‍ ജീവിതത്തില്‍ വച്ചടിവച്ചടി കയറ്റമുണ്ടാകുമെന്ന് ഒരു ജോത്സ്യന്‍ പറഞ്ഞതോടെയാണ് പൊതുവെ സ്ത്രീവിഷയത്തില്‍ കമ്പമുണ്ടായിരുന്ന രാജഗോപാലിന്റെ കണ്ണ് ജീവജ്യോതിയില്‍ പതിയുന്നത്.
പണത്തിന്റെ ബലത്തില്‍ ജീവജ്യോതിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് അവളുടെ ഭര്‍ത്താവിനെ കൊന്നു കളയാന്‍ തീരുമാനിച്ചത്.
എന്നാല്‍ മധുരാപുരി ചുട്ടെരിച്ച കണ്ണകിയെപ്പോലെ ജീവജ്യോതി പൊരുതിയപ്പോള്‍ ശരവണഭവന്‍ എന്ന ബ്രാന്‍ഡ് അപ്പാടെ എരിഞ്ഞടങ്ങുകയാണ്. ആദ്യം ഇന്ത്യയിലും പിന്നീട് യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം പടര്‍ന്നു പന്തലിച്ച ഹോട്ടല്‍ ബിസിനസിനു പിന്നിലെ ബുദ്ധികേന്ദ്രം രാജഗോപാല്‍ എന്ന ഒറ്റയൊരാളായിരുന്നു.
വ്യവസായവൃത്തങ്ങളില്‍ അണ്ണാച്ചി എന്നറിയപ്പെടുന്ന രാജഗോപാലിന് ഈ ഗതിവരുമെന്ന് അയാളെ അറിയാവുന്ന ആരും കരുതിയിട്ടുണ്ടാവില്ല.
ജീവജ്യോതിയോടുള്ള മോഹം രാജഗോപാലിന്റെ ആഢ്യജീവിതത്തിന് അന്ത്യംകുറിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിപ്രകാരം ജീവപര്യന്തമാണ് ഇയാളെ കാത്തിരിക്കുന്നത്.
രണ്ടു ഭാര്യമാര്‍ ഉള്ളപ്പോള്‍ തന്നെയാണ് തന്റെ ശാഖയിലെ അസിസ്റ്റന്റ് മാനേജറുടെ മകളില്‍ രാജഗോപാലിന്റെ കണ്ണു പതിയുന്നത്.
ജോത്സ്യന്റെ പ്രവചനം കൂടിയായപ്പോള്‍ എങ്ങനെയും അവളെ സ്വന്തമാക്കണമെന്നായി. തുടര്‍ന്ന് അച്ഛന്റെ പ്രായമുള്ള ഇയാള്‍ മകളുടെ പ്രായമുള്ള പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും അവള്‍ അതു നിരസിച്ചു.
ജീവജ്യോതിയുടെ അച്ഛന്‍ രാമസ്വാമിയെ ഇടയ്ക്ക് മലേഷ്യയ്ക്ക് അയയ്ച്ചതും അച്ഛന്റെ അസാന്നിദ്ധ്യത്തില്‍ മകളെ തട്ടിയെടുക്കാമെന്നു കരുതിത്തന്നെയായിരുന്നു.
ജീവജ്യോതിയുടെ പ്രണയം വിവാഹത്തിലെത്തിയപ്പോള്‍ അച്ഛന്‍ രാമസ്വാമി അവരെ വീട്ടില്‍ കയറ്റിയില്ല.മുതലാളിയായ രാജഗോപാല്‍ തന്നയാരിരുന്നു ഈ നിലപാടിനു പിന്നില്‍.
1998ലാണ് രാമസ്വാമിയും കുടുംബവും ചെന്നൈയില്‍ എത്തുന്നത് തുടര്‍ന്ന് ശരവണ ഭവനില്‍ ജോലി കിട്ടിയതോടെ ജീവിതം മെച്ചപ്പെട്ടു തുടങ്ങി.
ഇതിനിടയില്‍ അനുജന് ട്യൂഷനെടുക്കാന്‍ വന്ന ശാന്തകുമാര്‍ എന്ന അധ്യാപകനുമായി ജീവജ്യോതി പ്രണയത്തിലാവുകയും പിന്നീട് രാമസ്വാമിയുടെ ഇഷ്ടമില്ലാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിവാഹശേഷം ശാന്തകുമാറിന് ജോലി ഇല്ലാതായതോടെ രാജഗോപാല്‍ കളി തുടങ്ങി. വിലയേറിയ സമ്മാനങ്ങള്‍ നല്‍കി ജീവജ്യോതിയെ പാട്ടിലാക്കാനായിരുന്നു ആദ്യശ്രമം.
അതു ഫലിക്കാതെ വന്നപ്പോള്‍ ശാന്തകുമാറിന് എയ്ഡ്സ് ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. ഇതോടെ ഇനി ശല്യം ചെയ്താല്‍ പോലീസിനെ സമീപിക്കുമെന്ന് ജീവജ്യോതി തീര്‍ത്തു പറഞ്ഞു.
ഇതിനിടയ്ക്ക് ഭാര്യയെ വിട്ടു തരണമെന്ന് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈയിലെ ജീവിതം അപകടകരമാണെന്നു മനസ്സിലാക്കിയ ശാന്തകുമാറും ജീവജ്യോതിയും നാടുവിടാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം മണത്തറിഞ്ഞ അണ്ണാച്ചിയുടെ ഗുണ്ടകള്‍ അവരെ തടയുകയും ശാന്തകുമാറിന്റെ കൈയും കാലും ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളുകയും ചെയ്തു.
തുടര്‍ന്ന് ജീവജ്യോതിയെ തട്ടിക്കൊണ്ടു പോയി ദുര്‍മന്ത്രവാദത്തിലൂടെ മനസ്സു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയ രക്ഷപ്പെട്ടു വന്ന ശാന്തകുമാര്‍ ഭാര്യയെ കണ്ടെത്തുകയും ഇരുവരും തിരുച്ചെണ്ടൂരീലേക്കു തിരിക്കുകയും ചെയ്തു.
എന്നാല്‍ രാജഗോപാലിന്റെ ഗുണ്ടകള്‍ വീണ്ടും സാന്തകുമാറിനെ തട്ടിയെടുത്തു. ഇത്തവണ കൊലപ്പെടുത്തുകയും ചെയ്തു. ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിനു സമീപമുള്ള കാട്ടില്‍ നിന്നു കിട്ടി.
ഇനി ജീവജ്യോതിയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് അണ്ണാച്ചി കരുതി. എന്നാല്‍ അവിടെ നിന്ന് ജീവജ്യോതി പോരാട്ടം തുടങ്ങുകയായിരുന്നു.
ശാന്തകുമാറിന്റെ സഹോദരന്‍ പോലും കൂറുമാറിയെങ്കിലും ജീവജ്യോതി തളര്‍ന്നില്ല.സെഷന്‍സ് കോടതിയും മദ്രാസ് ഹൈക്കോടതിയും കടന്ന് ഒടുവില്‍ പരമോന്നത കോടതിയില്‍ ജീവജ്യോതി എത്തി.
ഭര്‍ത്താവിന്റെ ഘാതകന് ശിക്ഷ ഉറപ്പാക്കി. 2001ല്‍ നടന്ന കൊലക്കേസില്‍ രാജഗോപാലിനോട് എത്രയും വേഗം കീഴടങ്ങാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെ 18 വര്‍ഷങ്ങള്‍ക്കു ശേഷം ജീവജ്യോതിയ്ക്കു നീതി ലഭിക്കുമ്പോള്‍ ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം കൂടിയാവുകയാണത്.