തൊടുപുഴ: ഏഴ് വയസുകാരനെ തൊടുപുഴയില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഇളയ കുട്ടിയുടെ മൊഴി പുറത്ത്. കുട്ടിയുടെ മൊഴിയാണ് നിര്‍ണ്ണായക വഴിത്തിരിവായത്.
തന്റെ സഹോദരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചത് ഏറെ ഭയത്തോടെയും വേദനയോടെയുമാണ് നാലു വയസുകാരന്‍ വിവരിച്ചത്. കൂരമര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസ്സുകാരന്റെ കുഞ്ഞനിയന്‍ പറഞ്ഞതുകേട്ട് അടുത്തുനിന്നവര്‍ വിതുമ്പി.
പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു. കാലില്‍ പിടിച്ച് വലിച്ചു. തറയില്‍വീണ പപ്പി എണീറ്റില്ല. തറയില്‍ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്.
അച്ചയും അമ്മയുംകൂടെ പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി എന്റെ പപ്പി- അവന്‍ പറഞ്ഞ് നിര്‍ത്തി. ചേട്ടനെ പപ്പി എന്നാണ് ഇവന്‍ വിളിക്കുന്നത്.
എന്താണു നടന്നതെന്ന് ആ നാലുവയസുകാരന് അറിയില്ല. പക്ഷേ, തന്റെ സഹോദരന് എന്തോ സംഭവിച്ചുവെന്നു മാത്രം ഈ കുഞ്ഞിന് മനസിലായിട്ടുണ്ട്.
ഈ കുഞ്ഞും ക്രൂരമായ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഇവന്റെ വായിലും താടിയിലും ജനനേന്ദ്രിയത്തിലുമാണ് പരിക്ക്.
കുട്ടിയുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളോട് അവന്‍ ഇതു തന്നെ ആവര്‍ത്തിച്ചു.
ഈ കുട്ടിയുടെ വാക്കുകളിലൂടെയാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. സാരമായി പരിക്കേറ്റ കുട്ടിയിപ്പോള്‍ വല്യമ്മയുടെ സംരക്ഷണയിലാണ്.
ഇരുമ്പ് കെട്ടിയ വോക്കിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് അരുണ്‍ നിരന്തരമായി കുട്ടികളെ തല്ലിയിരുന്നത്. ഇടുക്കിയിലെ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിച്ചിരുന്ന മൂത്തകുട്ടി സഹപാഠികളോടുപോലും മിണ്ടാറില്ലായിരുന്നു.
അധ്യാപകര്‍ കുട്ടിയോട് കാരണം തിരക്കിയപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചുപോയി എന്നുമാത്രമാണ് അവന്‍ കണ്ണീരോടെ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മേയിലാണ് കുട്ടികളുടെ പിതാവ് തിരുവനന്തപുരത്തുവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
അതിനു ശേഷം അരുണ്‍ യുവതിക്കൊപ്പം താമസമാക്കി. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് ഇയാളെന്നാണ് യുവതി പറഞ്ഞത്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ഇടുക്കിയിലെ കുമാരമംഗലത്ത് താമസം തുടങ്ങിയത്.