ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ എന്താ മോഹന്‍ലാലിന്റെ സിനിമ റിലീസായാല്‍ ആദ്യ ദിവസം തന്നെ ഞാന്‍ കാണുമെന്ന് ചാലക്കുടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍.
തെരഞ്ഞെടുപ്പ് ചൂടിനിടയിലും തന്റെ പ്രിയ താരത്തിന്റെ സിനിമ കാണാന്‍ ആദ്യ ദിവസം തന്നെ എഎന്‍ രാധാകൃഷ്ണന്‍ തീയെറ്ററില്‍ എത്തി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിന് മുന്‍പ് ആദ്യ ഷോയ്ക്കെത്തിയാണ് സ്ഥാനാര്‍ത്ഥി ലൂസിഫര്‍ കണ്ടത്.
കൂട്ടിന് അനുയായികളും. ഇന്നലെ രാവിലെ ഏഴിന് ആലുവ മാതാ തീയെറ്ററില്‍ ആരംഭിച്ച സ്പെഷ്യല്‍ ഷോയ്ക്കാണ് എഎന്‍ രാധാകൃഷ്ണന്‍ എത്തിയത്.
മോഹന്‍ലാലിന്റെ എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണുന്ന പതിവുണ്ടെന്നും അത് തെരഞ്ഞെടുപ്പിന്റെ പേരില്‍ മുടക്കാനാവില്ലെന്നുമാണ് സിനിമ കണ്ടിറങ്ങിയ ശേഷം സ്ഥാനാര്‍ത്ഥി പറഞ്ഞത്.
പൃഥ്വിരാജിന്റെ സംവിധാനം അതിമനോഹരമാണെന്നും എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. ആരാധകരുടെ ആവേശത്തില്‍ പങ്കുചേരാനും സ്ഥാനാര്‍ത്ഥി മറന്നില്ല.
ബിജെപി ജില്ലാ സെക്രട്ടറി എംഎന്‍ ഗോപി, ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് സലിന്‍ ചെമ്മണ്ടൂര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
എഎന്‍ രാധാകൃഷ്ണനെ സ്ഥീകരിക്കാന്‍ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകരും തീയെറ്ററില്‍ എത്തിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.