കൊല്ലം: ഓച്ചിറയില്‍ യുവാവ് തട്ടികൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തല്‍. മുംബൈയില്‍ വച്ചാണ് പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് റോഷന്‍ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
എന്നാല്‍ തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയതാണെന്നുമാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
മുംബെയില്‍ നിന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ മൊഴിയെടുപ്പിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതയോരത്ത് മണ്‍ പ്രതിമകള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശിയുടെ മൂത്തമകളെ ഈമാസം 18 ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്.
എതിര്‍ക്കാന്‍ ശ്രമിച്ച തന്നെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷന്‍ പെണ്‍കുട്ടിയുമായി ട്രെയിനില്‍ കടക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം സംഘത്തിലെ മറ്റു മൂന്നു പേരെയും ഓച്ചിറ പൊലീസ് പിടികൂടി. മുഹമ്മദ് റോഷന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബംഗളൂരുവിലായിരുന്നു. അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് രണ്ടപേരും മുംബെയിലുണ്ടെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ പന്‍വേലിന് സമീപത്തെ വാടക മുറിയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ പെണ്‍കുട്ടിയെയും ഇന്നലെ വൈകിട്ടോടെയാണ് ഓച്ചിറയിലെത്തിച്ചത്.
അതേ സമയം താന്‍ എട്ടാം ക്ലാസ് വരെ രാജസ്ഥാനില്‍ പഠിച്ചുവെന്നും അതിന് ശേഷം ആറ് വര്‍ഷം മുന്‍പാണ് ഓച്ചിറയിലെത്തിയതെന്നുമാണ് പെണ്‍കുട്ടി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതുപ്രകാരമാണെങ്കില്‍ പതിനെട്ടിന് മുകളില്‍ പ്രായമുണ്ട്.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായെന്നും പ്രണയത്തിലായിരുന്ന തങ്ങള്‍ സ്വന്തം ഇഷ്ട പ്രകാരം നാടുവിട്ടതാണെന്നുമാണ് മുഹമ്മദ് റോഷന്‍ അവകാശപ്പെടുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് 13 വയസേയുള്ളുവെന്നാണ് രക്ഷാകര്‍ത്താക്കള്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സ്‌കൂളില്‍ നിന്ന് അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ച ടിസി ഹാജരാക്കി. ഇതില്‍ 17 9 2001 ആണ് പെണ്‍കുട്ടിയുടെ ജനനതീയതി. ഇതുപ്രകാരം പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ കൂടിയുണ്ട്.
ഈ സാഹചര്യത്തില്‍ പോക്സോ നിയമ പ്രകാരമാണ് മുഹമ്മദ് റോഷനെതിരെ കേസെടുത്തിരിക്കുന്നത്. പ്രായം സംബന്ധിച്ച് കൂടുതല്‍ വ്യക്ത വരുത്താനായി അന്വേഷണ സംഘം ഉടന്‍ രാജസ്ഥാനിലേക്ക് പോകും.