കോട്ടയം: കമിതാക്കൾ ചിങ്ങവനം പൂവൻതുരുത്തിന് സമീപം ഇന്നലെ ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവ് ബലംപ്രയോഗിച്ച് റെയിൽവേട്രാക്കിൽ പിടിച്ചുനിർത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി വിവരം.
പള്ളിക്കത്തോട് നെല്ലിക്കശേരി ശ്രീകാന്ത്(36), പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ്(33) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് പൂവൻതുരുത്ത് മുത്തൻമാലിക്ക് സമീപമാണ് സംഭവം.
സ്വപ്നയുടെ പത്തുവയസുള്ള മകളുമായി മൂവരും റെയിൽവേ ട്രാക്കിലൂടെ നടന്നു വരികയായിരുന്നു. കുട്ടി പിന്നിലും സ്വപ്നയും ശ്രീകാന്തും കൈപിടിച്ച് മുന്നിലുമായിട്ടാണ് നടന്നത്. ട്രെയിൻ വരുന്നതു കണ്ട് കുട്ടി ട്രാക്കിൽ നിന്ന് പുറത്തേക്ക് ഓടി മാറി.
ഈ സമയം സ്വപ്ന കുട്ടിയുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും ശ്രീകാന്ത് ബലംപ്രയോഗിച്ച് ചേർത്തു പിടിച്ചു നിൽക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നല്കുന്ന വിവരം.
ഒന്നര വർഷമായി സ്വപ്നയും ശ്രീകാന്തും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലി ഇവരുടെ വീടുകളിൽ വഴക്കുണ്ടായിട്ടുണ്ട്. ഇന്നലെ ശ്രീകാന്ത് ആവശ്യപ്പെട്ടിട്ടാണ് ഇരുവരും വീട്ടിൽ നിന്ന് പുറപ്പെട്ടത്.
കോട്ടയത്തു നിന്നും ബസിൽ മണിപ്പുഴയിലിറങ്ങിയ മൂന്ന് പേരും മണിപ്പുഴ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചശേഷം മൂലവട്ടം മേൽപാലത്തിലെത്തി റെയിൽവേ ട്രാക്കിലൂടെ നടന്ന് മുത്തൻമാലിയിലെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് പെണ്കുട്ടി ഓടി അടുത്ത വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. മേസ്തിരി പണിക്കാരനായ ശ്രീകാന്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സ്വപ്നയ്ക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. ഇതിൽ ഒരു കുട്ടിയാണ് കൂടെയുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മോർച്ചറിയിലേക്ക് മാറ്റി. സമീപ വീട്ടിൽ അഭയം തേടിയ പെണ്കുട്ടിയെ രാത്രിയോടെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു.