ഓച്ചിറ: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷംതട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു.
ഓച്ചിറ സ്വദേശിയായ മുഹമ്മദ് റോഷൻ എന്ന യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും ഇവർ ബംഗളൂരുവിൽ ഉള്ളതായും പോലീസിന് വിവരം ലഭിച്ചു. ഓച്ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന രാജസ്ഥാൻ സ്വദേശികളായ ദന്പതികളുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.
സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മൂവർ സംഘമാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ അടിച്ചുവീഴ്ത്തിയശേഷം കാറിൽ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം വീട്ടിൽകയറി രക്ഷിതാക്കളെ മർദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
അടിയേറ്റ് കിടന്ന രക്ഷിതാക്കളെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഓച്ചിറ പോലീസ് രാത്രിയിൽ നടത്തിയ തെരച്ചിലിൽ കായംകുളം ഭാഗത്തുനിന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെടുത്തിരുന്നു.
പിന്നീടുള്ള അന്വേഷണത്തിലാണ് അനന്തുവും വിപിനും പിടിയിലായത്. ഒന്നരമാസം മുമ്പ് ഇതേ രീതിയിൽ സംഭവം അരങ്ങേറിയിരുന്നു. അന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻശ്രമം നടത്തിയെങ്കിലും നാട്ടുകാർ ഇടപെട്ടതോടെ അക്രമികൾ പിന്മാറുകയായിരുന്നു.
ഒരു വർഷം മുമ്പ് ഇവരുടെ വീട് കുത്തിത്തുറന്ന് 25,000 രൂപ മോഷ്ടിച്ചതിന് പിന്നിലും ഈ സംഘമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. വർഷങ്ങളായി വഴിയോരത്ത് കരകൗശല സാധനങ്ങൾ നിർമിച്ച് വിൽപ്പന നടത്തിവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം.
തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കൂടാതെ മറ്റൊരു പെൺകുട്ടിയും ഇവർക്കുണ്ട്. സുരക്ഷിതത്വത്തിനായി പെൺകുട്ടികളെ ആൺവേഷം കെട്ടിച്ചാണ് നാടോടി ദമ്പതികൾ വളർത്തിയിരുന്നത്. വേണ്ടത്ര സുരക്ഷിതമല്ലാത്ത വീട്ടിലാണ് കുടുംബം താമസിച്ചുവന്നത്. ഇവിടെ ഗുണ്ടകളുടെ ശല്യവും നിരന്തരം കുടുംബത്തിന് അനുഭവിക്കേണ്ടിവന്നിരുന്നു.
നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലാതെന്നാണ് വിവരം. മാസങ്ങൾക്ക് മുമ്പ് ദേശീയപാതയിൽ അച്ഛനേയും മകനേയും തടഞ്ഞുനിർത്തി മർദിച്ചശേഷം പണം കവർന്ന കേസിലെ പ്രതിയാണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷൻ.