ഏറെ വിവാദങ്ങള്‍ക്കും വിഴിപ്പലക്കുകള്‍ക്കും വഴിവെച്ച മാമാങ്കത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി 20ന് കൊച്ചിയിലെ ലൊക്കേഷനില്‍ എത്തും.
അറുപത് ദിവസം മമ്മൂട്ടി ലൊക്കേഷനിലുണ്ടാവും. മമ്മൂട്ടി അഭിനയിക്കുന്ന സീനുകള്‍ ഇതോടെ പൂര്‍ത്തിയാവും. എം പദ്മകുമാറാണ് ഇപ്പോള്‍ മാമാങ്കത്തിന്റെ സംവിധായകന്‍.
നേരത്തേ സജീവ് പിള്ളയായിരുന്നു സംവിധായകന്‍. നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുമായുള്ള അഭിപ്രായ വ്യാത്യാസത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
ചരിത്ര സിനിമയായ മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉണ്ണിമുകുന്ദനാണ് മാമാങ്കത്തിലെ മറ്റൊരു പ്രധാന താരം.
ധ്രുവൻ എന്ന യുവനടനെയും സംവിധായകൻ അടക്കമുള്ള അണിയറ പ്രവർത്തകരെയും സിനിമയിൽനിന്ന‌് പുറത്താക്കിയതോടെയാണ‌് മാമാങ്കം വിവാദം പുറത്തറിഞ്ഞത‌്.
സിനിമാ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പ് തിരക്കഥയെ വലിയ രീതിയിൽ പുകഴ്‌ത്തിയ നിർമാതാവ് വേണു കുന്നപ്പിള്ളി ഒരു ഘട്ടത്തിൽ തിരക്കഥയിൽ തിരുത്തൽ വേണമെന്ന് വാശിപിടിക്കാൻ തുടങ്ങിയിടത്താണ് തർക്കം തുടങ്ങുന്നതെന്ന‌് മുന്‍ സംവിധായകൻ സജീവ‌് പിള്ള പറയുന്നു.
മാമാങ്കം സിനിമയില്‍നിന്ന് പുറത്താക്കി, സംവിധായകന്‍ സജീവ് പിള്ളയ്ക്കെതിരെ മാനനഷ്ടകേസുമായി നിര്‍മാതാവ് രംഗത്ത് വന്നിരിക്കുകയാണ്.
സജീവ് പിള്ളയുടെ പരിചയക്കുറവും നിസ്സഹകരണവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 30 ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നും ആവശ്യപ്പെട്ട് സജീവിന് വക്കീല്‍ നോട്ടീസും അയച്ചു. മാമാങ്കത്തിന്റെ സംവിധാന ചുമതല ഇപ്പോള്‍ പത്മകുമാറിനെയാണ് നിര്‍മാതാവ് ഏല്‍പിച്ചിരിക്കുന്നത്.