ഡേവിഡ് നൈനാന്‍ മുതല്‍ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ വരെ, വൈറലായ ആ മൂന്ന് മരണമാസ്സ് ചിത്രങ്ങള്‍ക്കും പിന്നില്‍ ഒരാള്‍

50

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ ഫേസ്ബുക്കില്‍ തരംഗമായി കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ചില ഫോട്ടോസ്.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സ്റ്റില്‍ ഇന്നലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ശെടാ. ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ. പറഞ്ഞു മടുത്ത ഈ വാചകം വീണ്ടും വീണ്ടും പറയുകയാണ് ആരാധകര്‍.

Advertisements

അത്രമേല്‍ മാസായ ഒരു ചിത്രമാണ് ഇന്നലെ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നത്. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലായ ചിത്രത്തിന് പിന്നില്‍ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണനാണ്.

അടുത്തിടെ മലയാളികളെ ഏറെ ആകാംഷ ജനിപ്പിച്ച ഗ്രേറ്റ് ഫാദറിലേയും കമ്മാരസംഭവത്തിന്റേയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഒരുക്കിയത് ശ്രീനാഥ് ആണ്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ്മരിക രൂപമാറ്റത്തിനു കാരണം ശ്രീനാഥ് തന്നെയായിരുന്നു.

ശ്രീനാഥിന്റെ കണ്ണിലൂടെയാണ് മലയാളികള്‍ ആദ്യം ഡേവിഡ് നൈനാനേയും കമ്മാരനേയും ഇപ്പോള്‍ ജോണ്‍ എബ്രഹാം പാലക്കലിനേയും കാണുന്നത്.

പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീല്‍ ഫോട്ടോഗ്രാഫര്‍ ആയി തന്റെ കരിയര്‍ തുടങ്ങിയ ശ്രീനാഥ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ ആയിരുന്നു ദ ഗ്രേറ്റ് ഫാദര്‍.

ടീസറിനും ട്രെയിലറിനും ഒക്കെ മുന്നേ തന്നെ കമ്മാരസംഭവത്തിനും ഗ്രേറ്റ് ഫാദറിനും വന്‍ ഹൈപ്പ് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് കാരണവും ശ്രീനാഥ് തന്നെ.

ആ വമ്പന്‍ ഹൈപ്പ് ഒരൊറ്റ ദിവസം കൊണ്ട് പതിനെട്ടാം പടിക്കും ലഭിച്ചിരിക്കുകയാണ്. അതിനു കാരണവും ശ്രീനാഥിന്റെ ഫോട്ടോസ് തന്നെ.

മമ്മൂട്ടിയുടെ ‘സ്ട്രീറ്റ്‌ലൈറ്റ്‌സി’ന്റേയും അബ്രഹാമിന്റെ സന്തതികളുടെയും ഒരു കുട്ടനാടന്‍ ബ്ലോഗിന്റേയും സ്റ്റില്‍സ് ഒരുക്കിയത് ശ്രീനാഥ് തന്നെയാണ്.

അബ്രഹാമിന്റെ പ്രോജക്റ്റ് ലോഞ്ചിങ് ഫങ്ഷനില്‍ വേദിയില്‍ വെച്ചു മമ്മൂക്ക ശ്രീനാഥിനെ അഭിനന്ദിച്ചിരുന്നു. ശ്രീനാഥ് ഇപ്പോള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലാണ്.

Advertisement