അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് ധോണി പുറത്ത്; കാരണം വെളിപ്പെടുത്തി മാനേജ്‌മെന്റ്

15

റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണി ഉണ്ടാകില്ല.

ഈ മല്‍സരങ്ങളില്‍നിന്ന് താരത്തിന് സിലക്ടര്‍മാര്‍ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്. റാഞ്ചി ഏകദിനത്തിനു പിന്നാലെ നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

ഈ സാഹചര്യത്തില്‍ യുവതാരം ഋഷഭ് പന്താകും അവസാന രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കാക്കുക.

പന്തിനു പുറമെ മറ്റു ചില പുതിയ മുഖങ്ങളും ശേഷിച്ച മല്‍സരങ്ങളില്‍ കളത്തിലിറങ്ങുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അറിയിച്ചിരുന്നു.

പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യ 21ന് മുന്നില്‍ നില്‍ക്കുകയാണ്. അതേസമയം, ധോണിയുടെ നാടായ റാഞ്ചിയില്‍ വെള്ളിയാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 32 റണ്‍സിനു തോറ്റിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തകര്‍പ്പന്‍ സെഞ്ചുറിയുമായി പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആളില്ലാതെ പോയതോടെ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു.

മാര്‍ച്ച് 10ന് മൊഹാലിയിലും 13ന് ഡല്‍ഹിയിലും നടക്കുന്ന മല്‍സരങ്ങളില്‍നിന്ന് ധോണി ഇടവേള എടുക്കുമെന്നാണ് പത്രസമ്മേളനത്തില്‍ ബംഗാര്‍ അറിയിച്ചത്.

മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ മുഹമ്മദ് ഷമിക്കും മൊഹാലിയിലെ നാലാം ഏകദിനം നഷ്ടമാകുമെന്നാണ് സൂചന.

അങ്ങനെ വന്നാല്‍ ഷമിക്കു പകരം ഭുവനേശ്വര്‍ കുമാര്‍ കളത്തിലിറങ്ങും. മല്‍സരത്തിനുശേഷം സംസാരിക്കവെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കി.

ലോകകപ്പ് മുന്‍നിര്‍ത്തി പുതിയ ചില താരങ്ങള്‍ക്കു കൂടി അവസരം നല്‍കാനാണ് ശ്രമം. അതേസമയം, എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുകയെന്ന കാര്യത്തില്‍ അദ്ദേഹം സൂചനയൊന്നും നല്‍കിയില്ല.

Advertisement