ആലപ്പുഴ: അഞ്ച് മാസം പ്രായമുള്ള കൈകുഞ്ഞുമായി വഴിയരികില്‍ ലോട്ടറി വില്‍പ്പന നടത്തിയ യുവതിക്ക് സഹായവുമായി ആലപ്പുഴ ജില്ലാകളക്ടര്‍ എസ് സുഹാസ്.
ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കാളികുളം ജംഗ്ഷന് സമീപം ലോട്ടറി വില്‍ക്കുന്ന ഗീതുവെന്ന ഭിന്നശേഷിക്കാരിയുടെ ദയദീയ ചിത്രങ്ങളും ദുരതി കഥയും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു.
ജീവിതകഥ വായിക്കുന്ന എല്ലാവരുംതന്നെ നിറകണ്ണുകളോടെ ആ ജീവിതം മറ്റുള്ളവരിലേക്ക് പങ്കുവെച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് ഗീതുവിന്റെ ജീവിതം ട്രോള്‍ ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലൂടെ ആലപ്പുഴ ജില്ലാകളക്ടര്‍ എസ് സുഹാസും അറിഞ്ഞത്.
സഹായം തേടിയുള്ള ആ പോസ്റ്റ് അവഗണിക്കാന്‍ കളക്ടര്‍ക്ക് കഴിഞ്ഞില്ല. വനിതാ ദിനമായ ഇന്ന് ഗീതുവിന്റെ പോരാട്ടങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാകളക്ടര്‍ എസ് സുഹാസ് ഇടപെട്ടു. ഗീതുവിനെ നേരിട്ട് കണ്ട കളക്ടര്‍ അവര്‍ക്ക് സ്വന്തമായി ഭൂമി ഇല്ല എന്ന് മനസിലാക്കി.
വീട് നിര്‍മിക്കാന്‍ ഉള്ള ഭൂമി കണ്ടെത്താനുള്ള സഹായം ചെയ്യാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തുകയും ഭൂമി കണ്ടെത്തിക്കഴിഞ്ഞാല്‍ വീട് നിര്‍മിക്കുവാന്‍ ഏതെങ്കിലും സന്നദ്ധ വ്യക്തിയുടേയോ സംഘടനയുടെയോ സഹായം നല്‍കാമെന്നും അറിയിച്ചു.
വൈക്കം ചാണിയില്‍ ചിറയില്‍ വീട്ടില്‍ ആനന്ദവല്ലിയുടെ മകളായ ഗീതുവിന് എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസം.
കണ്ണുകള്‍ക്കു വൈകല്യവും ഇടതു കൈവിരലുകള്‍ക്കും കാലുകള്‍ക്കും സ്വാധീനക്കുറവുമുണ്ട്. നിത്യവൃത്തിക്കു വക തേടിയാണ് ഗീതു ലോട്ടറി വില്‍പന തുടങ്ങിയത്. ലോട്ടറി ഷെഡ്ഡിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിലാണ് ഗീതുവിന്റെ ഇളയമകന്‍ അഭിരാജിന്റെ ജീവിതം. മൂത്തമകന്‍ നാലുവയസുകാരന്‍ രാജനെ അംഗനവാടിയില്‍ ആക്കിയിട്ടാണു ഗീതു എന്നും ലോട്ടറികച്ചവടത്തിന് എത്തുന്നത്.