നാഗ്പൂര്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ തിരിച്ചടിയായത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനമാണെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്.
കോഹ്ലിയുടെ സെഞ്ച്വറിയാണ് നാഗ്പൂരിലെ സ്ലോ ട്രാക്കില്‍ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതെന്നും മത്സരശേഷം ഫിഞ്ച് പറഞ്ഞു.
വിരാട് കോഹ്ലലിയാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ഓസീസ് നിരയിലെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാരില്‍ ആരെങ്കിലും അവസാനം വരെ പിടിച്ചു നിന്നിരുന്നെങ്കില്‍ വിജയം അപ്രാപ്യമാവില്ലായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു.
സ്റ്റോയിനസ് ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തത്. പക്ഷെ വിജയം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ല.
സ്റ്റോയിനസ് നേരത്തെ റിസ്‌ക് എടുത്ത് വമ്പനടിക്ക് മുതിര്‍ന്ന് പുറത്തായിരുന്നെങ്കില്‍ ഞങ്ങള്‍ നേരത്തെ തോല്‍വി സമ്മതിക്കേണ്ടിവരുമായിരുന്നു. അതുകൊണ്ടാണ് അവസാന ഓവര്‍വരെ സ്റ്റോയിനസ് പിടിച്ചുനിന്നത്-ഫിഞ്ച് പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ എട്ട് റണ്‍സ് അകലെ ഓസീസ് തോല്‍വി സമ്മതിച്ചു.
ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സിന്റെ മികച്ച തുടക്കം ലഭിച്ചശേഷമായിരുന്നു ഓസ്‌ട്രേലിയയുടെ തോല്‍വി.