നാഗ്പൂര്‍: ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന അവേശപ്പോരില്‍ കങ്കാരുക്കളെ തളച്ച് ഇന്ത്യയെത്തിയത് മാന്ത്രിക സംഖ്യയില്‍.
ഏകദിന ചരിത്രത്തില്‍ തങ്ങളുടെ 500-ാം ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. വിരാട് കോലിയുടെ സെഞ്ചുറിയും കുല്‍ദീപ് യാദവിന്റെയും ജസ്പ്രീത് ബംറയുടെയും ബൗളിംഗ് മികവും വിജയ് ശങ്കറുടെ ഓള്‍റൗണ്ട് പ്രകടനവുമാണ് ഇന്ത്യക്ക് എട്ട് റണ്‍സിന്റെ ചരിത്ര ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (120 പന്തില്‍ 116) 40ാം സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ പ്രത്യേകത.
കോലിയുമായി 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിജയ് ശങ്കര്‍ 46 റണ്‍സെടുത്തു. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ആഡം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(0), ശിഖര്‍ ധവാന്‍ (21) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മധ്യനിരയില്‍ അമ്പാട്ടി റായുഡു(18) കേദാര്‍ ജാദവ് (11) എം.എസ് ധോണി (0) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
മറുപടി ബാറ്റിംഗില്‍ ആരോണ്‍ ഫിഞ്ച്(37), ഉസ്മാന്‍ ഖവാജ(38) എന്നിവര്‍ ഓസ്ട്രേലിയക്ക് മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ 48 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പും അര്‍ദ്ധ സെഞ്ചുറി നേടിയ സ്റ്റോയിനിസും തിളങ്ങി.
പക്ഷേ, അവസാന ഓവറില്‍ സ്റ്റേയിനിസിനെയും(52) സാംപയെയും(1) വിജയ് ശങ്കര്‍ പുറത്താക്കിയതോടെ 49.3 ഓവറില്‍ ഓസീസ് ഇന്നിംഗ്‌സ്(24210) അവസാനിച്ചു.
ഇന്ത്യക്കായി കുല്‍ദീപ് മൂന്നും ബുംറയും ശങ്കറും രണ്ടും ജഡേജയും ജാദവും ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.