വൈശാലിയില്‍ ആദ്യമെടുത്തത് ചുംബന രംഗം, അഞ്ച് ടേക്കെടുത്തു: വൈശാലിയെ കുറിച്ചും വിവാഹം കഴിച്ച് പിരിഞ്ഞ സഞ്ജയ്‌നെ കുറിച്ചും സുപര്‍ണ്ണ

91

ഭരതന്‍ സംവിധാനം ചെയ്ത വൈശാലി മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് . മലയാളി കാഴ്ചക്കാര്‍ കണ്ടുമറക്കാത്ത സിനിമ. സഞ്ജയ് സുപര്‍ണ്ണ താരജോഡികളുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

നായകനും നായികയും അന്യഭാഷക്കാരായിരുന്നിട്ടുപോലും മലയാളികള്‍ നെഞ്ചേറ്റിയവരാണിവര്‍. വൈശാലിയിലെ ഈ കണ്ടുമുട്ടല്‍ ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു. പത്തുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ജീവിതത്തിലും ഒന്നായി.

Advertisements

പക്ഷെ അധികനാള്‍ ഈ ബന്ധം തുടര്‍ന്നില്ല. ഇരുവരും വിവാഹമോചിതരായി. എന്നാലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എപ്പിസോഡിലൂടെ ഇരുവരും വീണ്ടും കണ്ടുമുട്ടി.

സഞ്ജയ്യുമായുള്ള ബന്ധത്തെക്കുറിച്ചും വൈശാലിയിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള സുപര്‍ണ്ണയുടെ വാക്കുകള്‍:

ബാലതാരമായി ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഭരതന്‍ സാര്‍ എന്നെക്കുറിച്ച് അറിയുന്നത്. അദ്ദേഹം എന്നെ കാണാന്‍ വരുന്നത് എന്റെ 16ാമത്തെ ജന്മദിനത്തിന്റെ പിറ്റേദിവസമാണ്. സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ ചോദിച്ചത് എനിക്ക് മലയാളം അറിയില്ല എങ്ങനെ അഭിനയിക്കുമെന്നാണ്? അതൊന്നും സാരമില്ല ഞാന്‍ നോക്കിക്കോളാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടാണ് എന്നെ കാണുന്നതിന് മുമ്പ് തന്നെ എന്റെ രൂപം അദ്ദേഹം സ്‌കെച്ച് ചെയ്തിരുന്നത് കാണുന്നത്. വലിയ അത്ഭുതമായിരുന്നു.

വൈശാലിയുടെ സെറ്റില്‍വെച്ചാണ് ആദ്യമായി സഞ്ജയ്യെ കാണുന്നത്. ആദ്യദിവസം തന്നെ ഭരതന്‍ സര്‍ ചെയ്യാന്‍ പറഞ്ഞത് ക്ലൈമാക്‌സിലെ ചുംബനരംഗമാണ്. എങ്ങനെ ചെയ്യുമെന്നുള്ള ആശങ്ക രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. അഞ്ച് ടേക്ക് എടുത്തശേഷമാണ് ശരിയായത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് വൈശാലി. വൈശാലിയിലൂടെയാണ് സഞ്ജയ് ജീവിതത്തിലേക്ക് വരുന്നത്.

ഒരുമിച്ച് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങള്‍ സന്തോഷത്തില്‍ തന്നെയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ വിവാഹമോചിതരാകേണ്ടി വന്നു. പക്ഷെ ഇപ്പോഴും മനസില്‍ പഴയ പ്രണയമുണ്ട്. ഒരുവട്ടം പ്രണയംതോന്നിയാല്‍ അത് ജീവിതകാലം മുഴുവന്‍ മനസിലുണ്ടാകും. അദ്ദേഹത്തിന് എന്റെ ജീവിതത്തിലുണ്ടാകേണ്ട കാലം എത്രനാളാണെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്.

ആ സമയമെത്തിയപ്പോള്‍ ജീവിതത്തില്‍ നിന്നും അദ്ദേഹം പോയി, അങ്ങനെയാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ല. എന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയ്യെ പോലെ തന്നെയാണ്. മകന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സഞ്ജയ് മുന്നില്‍ നില്‍ക്കുന്നത് പോലെ തന്നെയാണ് തോന്നുന്നത്. അകന്നാണ് കഴിയുന്നതെങ്കില്‍ ഇഷ്ടപ്പെട്ടയാള്‍ സന്തോഷമായി കഴിയുന്നത് കാണുന്നതാണ് സന്തോഷമെന്ന് സുപര്‍ണ്ണ പറഞ്ഞു.

തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണ്ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുവേദിയില്‍ വീണ്ടും എത്തുന്നത്.

Advertisement