ടിവി പ്രേക്ഷകരായ മലയാളി അമ്മമാരുടെ ജനിക്കാതെപോയ പ്രിയങ്കരിയായ മകളാണ് റിമിടോമി. പാലാക്കാര്‍ക്ക് മാണി കഴിഞ്ഞാല്‍ പിന്നെയുള്ള മാണിക്യമാണ് റിമി. ഒരേസമയം നാലഞ്ചു ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ചിന്തിപ്പിക്കാനും ചിരിപ്പിച്ച് മണ്ണുകപ്പിക്കാനുമുള്ള കഴിവ് റിമി തുടരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് കേരളംവിട്ട് ഇന്ത്യയുടെ പൊതുസ്വത്താകത്തക്ക നിലയില്‍ റിമി വളര്‍ന്നു. ഇപ്പോഴും താനൊരു മന്ദബുദ്ധിയല്ലെന്ന് തെളിയിച്ച് ചിരിക്കുകയും ചിരിപ്പിക്കുകയും പാട്ടുപാടുകയും ആടുകയും ദ്വയാര്‍ഥപ്രയോഗങ്ങളിലൂടെ എല്ലാവരേയും സന്തോഷിപ്പിച്ച് ഒന്നാമതായി നില്‍ക്കുന്നു.
അഭിനയിക്കാന്‍ വേണ്ടി റിമിയെ പലരും വിളിച്ചെങ്കിലും ചില കാര്യങ്ങളില്‍ വാക്കുറപ്പിക്കാന്‍ കഴിയാത്തതിനാല്‍ അഭിനയം തല്‍ക്കാലം വേണ്ടെന്നുവച്ചു. എന്നാല്‍ ജൂനിയര്‍ പ്രേംനസീറായ ജയറാം ഒരു സിനിമയില്‍ നായികയാകാന്‍ ക്ഷണിച്ചപ്പോള്‍ വിശ്വാസപൂര്‍വം സമ്മതം നല്‍കി.
അങ്ങനെ ജയറാമിന്റെ നായികയായി. ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ അഭിനയിച്ചു. സിനിമ വന്‍ വിജയം. അതിന്റെ ക്രെഡിറ്റ് റിമി ടോമി കൊണ്ടുപോയി. മലയാള സിനിമകളില്‍ ഇനി മുതല്‍ നടിയെന്ന നിലയില്‍ റിമിയുടെ സാന്നിധ്യം ഉണ്ടാകും എന്ന രീതിയിലായിരുന്നു പലരും റിമിയുടെ ഡേറ്റ് സംഘടിപ്പിച്ചത്.
ഒരേസമയം പിന്നണിഗായികയായും നായികനടിയായും തകര്‍ക്കാം എന്നു വിചാരിച്ചപ്പോഴാണ് പെട്ടെന്നൊരു അശരീരി കേട്ടത്. ഇനി മുതല്‍ റിമി അഭിനയിക്കാന്‍ പാടില്ല. പാടിയാല്‍ മാത്രം മതി.
ചാനല്‍ പരിപാടികള്‍ കൊണ്ടുതന്നെ വീട്ടില്‍ വരാനോ ഭര്‍ത്താവിനെ കാണാനോ സമയം കിട്ടുന്നില്ല, അതുകൊണ്ട് അഭിനയം വേണ്ട. ഈ ശബ്ദം എവിടെയോ കേട്ട ഓര്‍മ റിമിക്ക്. നന്നായി ഓര്‍മിച്ചപ്പോള്‍ ആളെ പിടികിട്ടി. സ്വന്തം ഭര്‍ത്താവിന്റെ ശബ്ദം.
ഭര്‍ത്താവിന്റെ തീരുമാനം പിന്‍വലിക്കാന്‍ വേണ്ടി പല നമ്പറുകളും റിമി ഇറക്കിനോക്കി. എന്നാല്‍, അയാളുടെ അടുത്ത് വേലത്തരം നടന്നില്ല. കുടുംബജീവിതത്തിന്റെ സംതൃപ്തി നിലനിര്‍ത്തുന്നതിനുവേണ്ടി അഭിനയമോഹം വെടിഞ്ഞ് പുതിയ സിനിമകള്‍ വേണ്ടെന്നുവയ്ക്കുകയും അഡ്വാന്‍സ് തിരിച്ചു നല്‍കുകയും ചെയ്തു.
അതിന്റെ കാരണം തിരക്കിയവരോട് രഹസ്യമായി റിമി സൂചിപ്പിച്ചു. ”നടന്മാരെ തൊട്ടഭിനയിക്കുന്നത് കെട്ട്യോന് ഇഷ്ടമല്ല.” റിമി ആയതുകൊണ്ട് എല്ലാവരും വിശ്വസിച്ചു.
എന്നാല്‍ ചാനലുകളില്‍ തൊടുന്നതിനും കെട്ടിപ്പിടിക്കുന്നതിനും വിലക്കുകള്‍ ഇല്ലാത്തതുകൊണ്ട് അത് തുടരുമ്പോഴും വിശ്രമമില്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മൊത്തക്കച്ചവടം റിമിക്കു സ്വന്തം.
കടപ്പാട്: പല്ലിശ്ശേരി, ജനയുഗം