ഹൈദരാബാദ്: കേദാര്‍ ജാദവും എം എസ് ധോണിയും മിന്നിയപ്പോള്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 237 രണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
രോഹിത്തും ധവാനും കോലിയും റായിഡുവും മടങ്ങിയശേഷം അഞ്ചാം വിക്കറ്റില്‍ 138 റണ്‍സ് അടിച്ചു ചേര്‍ത്ത ധോണി-ജാദവ് സഖ്യമാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. 87 പന്തില്‍സ 81 റണ്‍സുമായി ജാദവും 72 പന്തില്‍ 59 റണ്‍സെടുത്ത ധോണിയും വിജയത്തില്‍ ഇന്ത്യയുടെ അമരക്കാരായി.
ഇന്ത്യയുടെ ടോപ് സ്കോററായ കേദാര്‍ ജാദവാണ് കളിയിലെ കേമന്‍. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 236/7, ഇന്ത്യ 48.2 ഓവറില്‍ 240/4.
ഓസീസ് ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം പോലെയായിരുന്നു ഇന്ത്യയുടെ ഇന്നിംഗ്സും. സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോഴെ നേരിട്ട ആദ്യ പന്തില്‍ ശീഖര്‍ ധവാന്‍(0) മടങ്ങി. പിന്നീട് കോലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 80 റണ്‍സിലെത്തിച്ചു.
44 റണ്‍സെടുത്ത കോലിയെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ രോഹിത് ശര്‍മയെ(37)കോള്‍ട്ടര്‍നൈലും മടക്കിയതോടെ ഓസീസ് മത്സരത്തിലേക്ക് തിരിച്ചെത്തി.
എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ധോണിയും ജാദവും ഓസീസ് പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും അടക്കമാണ് ജാദവ് 81 റണ്‍സടിച്ചത്. ധോണിയുടെ ഇന്നിംഗ്സില്‍ ആറ് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നു. സ്റ്റോയിനസിനെ ബൗണ്ടറി കടത്തി വിജയ റണ്ണെടുത്തും ധോണിയാണ്.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിന് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) നഷ്ടമായി. ബുംറക്കായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റോയിനസും ഖവാജയും ചേര്‍ന്ന് ഓസീസിനെ മെല്ലെ മുന്നോട്ട് നയിച്ചു.
37 റണ്‍സെടുത്ത സ്റ്റോയിനസിനെ ക്യാപ്റ്റന്‍ കോലിയുടെ കൈകകളിലെത്തിച്ച് കേദാര്‍ ജാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഉസ്മാന്‍ ഖവാജയെ(50) കുല്‍ദീപും വീഴ്ത്തിയതോടെ ഓസീസ് പതറി.
ടി20യിലെ ഫോം തുടര്‍ന്ന ഗ്ലെന്‍ മാക്സ്‌വെല്ലും പീറ്റര്‍ ഹാന്‍ഡ്സ്കോംബും ചേര്‍ന്ന് ഓസീസിനെ ഭേദ്ദപ്പെട്ട സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഒരിക്കല്‍ കൂടി കുല്‍ദീപ് ഇന്ത്യയുടെ രക്ഷക്കെത്തി.
ഹാന്‍ഡ്സ്കോംബിനെ(19) കുല്‍ദീപ് മടക്കിയതിന് ശേഷം കരുതലോടെ കളിച്ച മാക്സ്‌വെല്‍ ഓസീസിനെ 150 കടത്തി. എന്നാല്‍ മാക്സ്‌വെല്ലിനെയും(40), ആഷ്ടണ്‍ ടര്‍ണറെയും(21) മടക്കി ഷമി നല്‍കിയ ഇരട്ടപ്രഹരം ഓസീസിനെ തളര്‍ത്തി.
പിന്നീട് അലക്സ് ക്യാരിയും(36 നോട്ടൗട്ട്), നേഥന്‍ കോള്‍ട്ടര്‍നൈലും(28) ചേര്‍ന്നുള് കൂട്ടുകെട്ടാണ് ഓസീസിന് ഭേദ്ദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 10 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുട്ട ഷമി ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയപ്പോള്‍ 60 റണ്‍സ് വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റെടുത്തത്.