കരിങ്കോഴി ട്രോളിടുന്നവരെ; എന്താണ് കരിങ്കോഴി ട്രോള്‍, എങ്ങനെ ഉണ്ടായി ഈ ട്രോള്‍: നിങ്ങള്‍ അറിയുന്നുണ്ടോ ആ പോസ്റ്റിന്റെ യഥാര്‍ത്ഥ ഉടമയുടെ വിഷമം

189

മണ്ണാര്‍ക്കാട്: ഫേസ്ബുക്കില്‍ നിറയെ കരിങ്കോഴി ട്രോളുകളാണ് . ഫേസ്ബുക്ക് ടൈംലൈനിൽ പോസ്റ്റിട്ടവരുടെയൊക്കെ കമന്‍റ് ബോക്സുകളിൽ കരിങ്കോഴി എത്തുന്നുണ്ട്.

കരിങ്കോഴിയെ കണ്ടാല്‍ ഉടന്‍ അവിടെ ഒരു നൂറു ഹഹ റിയാക്ഷന്‍ കിട്ടും എന്നതാണ് പുതിയ ഫേസ്ബുക്ക് ട്രെന്‍റ്. ഒരുദിനം എങ്ങനെയാണ് കരിങ്കോഴി കുഞ്ഞുങ്ങള്‍ വൈറലായി എന്നതാണ് പലരും ആലോചിക്കുന്നത്. നേരത്തെ പലരുടെയും കമന്‍റ് ബോക്സില്‍ കണ്ടിരുന്ന പോസ്റ്റ് വൈറലായത് ഇങ്ങനെയാണ്.

Advertisements

തന്‍റെ പടത്തിന്‍റെ ഡീഗ്രേഡിംഗിനെതിരെ അഡാര്‍ ലൗവ് സംവിധായകന്‍ ഒമര്‍ ലുലു ഒരു പോസ്റ്റിട്ടു. കമന്‍റായി ആദ്യമെത്തുന്നത് കരിങ്കോഴി മുതലാളിമാരായിരിക്കും. കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക എന്നു പറഞ്ഞ് ഒരു നമ്പര്‍ സഹിതമാണ് കമന്‍റുകളായി ചിത്രം പ്രചിക്കുന്നത്.

ഒമര്‍ ലുലുവിൽ തുടങ്ങി ഇപ്പോള്‍ ഫേസ്ബുക്കിൽ കൂടുതൽ ലൈക്കുകളും ഫോളോവേഴ്സുുമുള്ള ആളുകളുടെയെല്ലാം പോസ്റ്റിന് ചുവട്ടിൽ ഈ കരിങ്കോഴി പോസ്റ്റ് കാണാം.

എന്നാല്‍ ഇത് അത്ര ട്രോളേണ്ട കാര്യമല്ലെന്നും തന്‍റെ ജീവിതമാണെന്നുമാണ് ഈ കരിങ്കോഴി പോസ്റ്റിന്‍റെ യഥാര്‍ത്ഥ മുതലാളി പറയുന്നത്. ശരിക്കും ഈ പോസ്റ്റിന്‍റെ മുതലാളി മണ്ണാര്‍ക്കാട് തച്ചനാട്ടുകര സ്വദേശി അബ്ദുള്‍ കരീം ആണ്.

തന്‍റെ കടയ്ക്ക് മുന്നില്‍ വച്ച ഫ്ലെക്സ് എങ്ങനെ ഫേസ്ബുക്കില്‍ എത്തിയെന്ന് കരീം പറയുന്നു. കടയുടെ സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് കരീം ആണ്. പിന്നീട് ഈ ഫോട്ടോ രണ്ട് സുഹൃത്തുക്കളുടെ പോസ്റ്റില്‍ ഫോട്ടോ കമന്‍റാക്കി ഇട്ടു. ഇതാണ് പിന്നീട് പ്രചരിച്ച് ട്രോളായി മാറിയത് എന്നാണ് കരീം പറയുന്നത്.

ഇപ്പോള്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കരീമിന്‍റെ ഫോണില്‍ കോളുകള്‍ ഒഴിയുന്നില്ല. ആളുകള്‍ നിരന്തരം വിളിക്കുന്നു. ചിലര്‍ പോസ്റ്റിന്‍റെ പേരില്‍ തെറി പറയുന്നു. എന്നാല്‍ ഇത് കൊണ്ട് കച്ചവടവും നടക്കുന്നുണ്ട്. അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്. എന്നാല്‍ ഭൂരിഭാഗവും തെറി വിളിക്കാനാണ് വിളിക്കുന്നെങ്കിലും ലഭിക്കുന്ന കച്ചവടത്തില്‍ തൃപ്തനാണെന്ന് കരീം പറയുന്നു.

തന്‍റെ നമ്പര്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും കരിങ്കോഴിക്കായി വിളിക്കുന്നവരോട് കരീമിന് പറയാനുള്ളത് ഈ ആഴ്ചയിലെ സ്റ്റോക്ക് തീര്‍ന്നു എന്നാണ് പറയാനുള്ളത്.

പുതിയ സ്റ്റോക്ക് കരിങ്കോഴിക്കായി പൊള്ളാച്ചിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് കരീം.ഒരു ജോഡിക്ക് 350 രൂപ എന്ന നിരക്കിലാണ് കരീം ഇപ്പോള്‍ കരിങ്കോഴി വില്‍പ്പന നടത്തുന്നത്. ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ സ്വന്തം കടയില്‍ മാത്രമാണ് കരീമിന്റെ കച്ചവടം.

എന്താണ് കരിങ്കോഴി എന്ന് അറിയാനും ഒട്ടനവധിപ്പേര്‍ കരീമിനെ വിളിക്കുന്നുണ്ട്. ഇന്ത്യയില്‍ ജി.ഐ ടാഗുള്ള ജീവിയാണ് കരിങ്കോഴി.

ഒരു പ്രത്യേക സ്ഥലത്ത് മാത്രം കാണപ്പെടുന്ന ജീവിക്ക് നല്‍കുന്ന ടാഗാണ് ഇത്. ഈ പട്ടികയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കരിങ്കോഴിയെ പെടുത്തിയത് 2018 ലാണ്.

ആയുര്‍വേദ മരുന്നുകളിലും മറ്റും ഉപയോഗിക്കുന്ന കരിങ്കോഴി മാംസത്തിന് ഏറെ ഔഷധഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രോട്ടീന്‍ സമ്പന്നമായ കറുത്തനിറത്തിലുള്ള ഇറച്ചിയാണ് കരിങ്കോഴിക്ക്.

Advertisement