കാര്‍ത്തികാണ് കാരണക്കാരന്‍, ഇന്ത്യന്‍ താരത്തിനെതിരെ ക്രിക്കറ്റ് ലോകം

18

ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹം അവസാന നിമിഷം ഹാമില്‍ട്ടനില്‍ തകരുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. കിവീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും, വിജയത്തിന് നാല് റണ്‍സകലെ മത്സരം അടിയറവ് വെക്കുകയായിരുന്നു.

Advertisements

എന്നാല്‍ മത്സരത്തില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത് ദിനേഷ് കാര്‍ത്തികിന്റെ വിഢിതീരുമാനമായിരുന്നെന്ന് ആരോപിക്കുകയാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍. അവസാന ഓവറില്‍ കാര്‍ത്തിക് സിംഗിളെടുക്കാന്‍ മടിച്ചതാണ് ഇന്ത്യയെ തോല്‍വിയിലേക്കെത്തിച്ചതെന്ന് ആരാധകര്‍ വിലയിരുത്തുന്നു.

മത്സരത്തിന്റെ അവസാന രണ്ട് ഓവറില്‍ 30 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി പത്തൊന്‍പതാം ഓവറില്‍ ദിനേഷ് കാര്‍ത്തികും, ക്രുനാല്‍ പാണ്ട്യയും സിക്‌സറുകള്‍ നേടിയതോടെ അവസാന ഓവറില്‍ വിജയ ലക്ഷ്യം 16 ആയി. സൗത്തി എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നേരിട്ട കാര്‍ത്തിക് രണ്ട് റണ്‍സ് നേടി. രണ്ടാം പന്തില്‍ റണ്ണെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയുടെ ലക്ഷ്യം 4 ബോളില്‍ 14 റണ്‍സായി മാറി.

മൂന്നാം പന്ത് ലോംഗ് ഓണിലേക്ക് അടിച്ച കാര്‍ത്തികിന് അനായാസം ഒരു സിംഗിള്‍ ഓടിയെടുക്കാമായിരുന്നെങ്കിലും റണ്ണെടുക്കാന്‍ താരം താല്പര്യപ്പെട്ടില്ല. മറുവശത്ത് നിന്നിരുന്ന ക്രുനാല്‍ പാണ്ട്യ റണ്ണിനായി ഓടിയെത്തിയെങ്കിലും കാര്‍ത്തിക്, അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു.

ഇതോടെ ഇന്ത്യന്‍ വിജയലക്ഷ്യം 3 പന്തുകളില്‍ 14 റണ്‍സെന്ന നിലയിലേക്ക് മാറി. ഇന്ത്യ നാല് റണ്‍സിന്റെ അനിവാര്യ തോല്‍വിയിലേക്ക് പതിക്കുകയും ചെയ്തു.

Advertisement