ഫിനിഷിങ്ങിലും സ്റ്റമ്പിങ്ങിലും മാത്രമല്ല, കളത്തിലും പുറത്തും മറ്റു പല കാര്യങ്ങളിലും വേറിട്ടുനില്‍ക്കുന്ന താരമാണ് എംഎസ് ധോണി. ശനിയാഴ്ച ഹാമിൽട്ടണിൽ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വെന്റി20യിലും കണ്ടു ധോനിയുടെ ഈയൊരു വേറിട്ട ക്ലാസ്.
മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. പെട്ടന്നൊരു ആരാധകന്‍ സുരക്ഷാഭടന്മാരെ വെട്ടിച്ച് ഇന്ത്യന്‍ പാതകയുമായി വിക്കറ്റിന് പിറകില്‍ നില്‍ക്കുന്ന ധോണിയുടെ അടുത്തേയ്ക്ക് ഓടിയെത്തി.
വന്ന ഉടനെ ധോനിയുടെ കാലില്‍ വീണ് കെട്ടിപ്പിടിക്കുകയായിരുന്നു ആരാധകന്‍. ആരാധകന്റെ പ്രവൃത്തിയില്‍ ഒരു നിമിഷം അന്ധിച്ചുനിന്നുപോയെങ്കിലും അയാളെ പിടിച്ച് എഴുന്നേല്‍പിക്കുന്നതിനിടെ ധോണി കണ്ടു കൈയിലെ ദേശീയ പതാക നിലത്ത് മുട്ടുന്നത്.
നിലം തൊടും മുന്‍പ് തന്നെ ധോനി അയാളുടെ കൈയില്‍ നിന്ന് പാതക പിടിച്ചുവാങ്ങി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിച്ചു.
സുരക്ഷാ ജീവനക്കാർ എത്തിയതിനാല്‍ ധോനിയില്‍ നിന്ന് പതാക വാങ്ങാന്‍ നില്‍ക്കാതെ ആരാധകൻ ഗ്യാലറിയിലേയ്ക്ക് തന്നെ ഓടി.ധോണിയുടെ ഈ പ്രവൃത്തിക്ക് ട്വിറ്ററില്‍ വന്‍ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.