മധുരപ്രതികാരം, കിവീസിനെ തകര്‍ത്ത് ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍ ഷോ

41

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ മറികടന്നത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-1ന് കിവീസിന് ഒപ്പമെത്തി. ഞായറാഴ്ച്ച നടക്കുന്ന മൂന്നാം മത്സരമാകും പരമ്പര വിജയികളെ തീരുമാനിക്കുക.

Advertisements

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ തരക്കേടില്ലാത്ത വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റില്‍ രോഹിത്തും ധവാനും ചേര്‍ത്ത് 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

29 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും അടക്കം 50 റണ്‍സ് സ്വന്തമാക്കിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തൊട്ട് പിന്നാലെ ടീം സ്‌കോര്‍ 88ല്‍ നില്‍ക്കെ 30 റണ്‍സുമായി ധവാനും മടങ്ങി.

പിന്നീട് എട്ട് പന്തില്‍ ഒരു ഫോറും ഒരു സിക്‌സും വീതം നേടി 14 റണ്‍സെടുത്ത വിജയ്ശങ്കറിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ പൊഴിക്കാതെ പന്തും ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. പന്ത് 28 പന്തില്‍ 40ഉം ധോണി 17 പന്തില്‍ 20ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദുമാണ് പിടിച്ച് കെട്ടിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ക്രുനാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഖലീലാകട്ടെ നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഓരോവിക്കറ്റ് വീതം വീഴ്ത്തി.

കിവീസിനായി അര്‍ധ സെഞ്ച്വറി നേടിയ ഗ്രാന്‍ഹോമും 42 റണ്‍സെടുത്ത ടെയ്‌ലറുമാണ് തിങ്ങിയത്. ആറാമനായി ക്രീസിലെത്തിയ ഗ്രാന്‍ഡ് ഹോം 28 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതമാണ് 50 റണ്‍സെടുത്തത്. നായകന്‍ കെയ്ന്‍ വില്യംസണ്‍ 20ഉം ഓപ്പണര്‍മാരായ മുണ്ട്രോയും സെല്‍ഫേര്‍ട്ടും 12 റണ്‍സ് വീതവും സ്വന്തമാക്കി

Advertisement