തൃശൂര്‍ : ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന ബാനര്‍ മലയാള സിനിമാപ്രേമികള്‍ അത്രവേഗം മറന്നിട്ടുണ്ടാകില്ല. മലയാള സിനിമയില്‍ ബോക്‌സ്‌ഓഫീസ് റെക്കോഡുകള്‍ തിരുത്തി മുന്നേറിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ചിത്രം ഉള്‍പ്പെടെ നിരവധി സിനിമകള്‍ പിറന്ന ബാനറാണത്.
പി കെ ആര്‍ പിള്ള എന്ന വ്യവസായ പ്രമുഖനായിരുന്നു ഈ ബാനറില്‍ സിനിമകള്‍ നിര്‍മ്മിച്ചത്. ചിത്രം, വന്ദനം, ശോഭരാജ്, അമൃതംഗമയ, കിഴക്കുണരും പക്ഷി, ഒരു യുഗസന്ധ്യ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ സിനിമകളാണ് ഇദ്ദേഹം നിര്‍മ്മിച്ചത്.
കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന 22 ഓളം സിനിമകള്‍ നിര്‍മ്മിച്ച ഈ നിര്‍മ്മാതാവ് ജീവിതസായാഹ്നത്തില്‍ ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍ കഴിയുകയാണ്.
തൃശൂര്‍ പീച്ചിയിലെ വീട്ടിലാണ് പി കെ ആര്‍ പിള്ള, 85-ാം വയസ്സില്‍ ഓര്‍മ്മ നശിച്ച് ദുരിതജീവിതം തള്ളിനീക്കുന്നത്. സിനിമാ നിര്‍മ്മാതാവ് സജി നന്ദ്യാട്ട് നിര്‍മ്മാതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പിള്ളയുടെ കഥ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ഇന്ത്യയിലെ വമ്ബന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങള്‍ ഉണ്ടായിരുന്ന, അറിയപ്പെടുന്ന വ്യവസായി കൂടിയായ പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കിയതോടെയാണ് പ്രതാപകാലം മങ്ങിയതെന്ന് ഭാര്യ പറയുന്നു. കൊച്ചിയില്‍ അടക്കം പിള്ളയുടെ കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ മറ്റു പലരുടെയും കൈകളിലായി.
ഒരു കാലത്ത് സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയിരുന്ന നിര്‍മ്മാതാവ് ചില്ലിക്കാശുപോലും കൈയിലില്ലാത്ത അവസ്ഥയിലാണ്. ഓര്‍മ്മ നശിച്ച അദ്ദേഹം, മൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ മകന്‍ വരുമെന്ന് കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണിപ്പോള്‍. മരുന്നിനോ ചികിത്സക്കോ നിര്‍വ്വാഹമില്ല. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളെ കെട്ടിച്ചയക്കാന്‍ പണവുമില്ല.
1984 ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്ബിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ശോഭരാജ്, അമൃതംഗമയ, ഒരു യുഗസന്ധ്യ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അര്‍ഹത, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങി 22 ഓളം സിനിമകളാണ് പികെ ആര്‍ പിള്ള നിര്‍മ്മിച്ചത്.