മമ്മൂട്ടിയും സാധനയും മത്സരിച്ച് അഭിനയിച്ച റാമിന്റെ പേരന്‍പ് തിയേറ്ററുകളില്‍ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന വികടന്‍ അവാര്‍ഡ്‌സില്‍ മമ്മൂട്ടിയും സംവിധായകന്‍ റാമും നടി അഞ്ജലിയും പങ്കെടുത്തിരുന്നു. പരിപാടിയുടെ അവതാരകരായി എത്തിയത് മിര്‍ച്ചി ശിവയും സതീഷും ആയിരുന്നു.
മമ്മൂട്ടിയുടെ സ്‌നേഹത്തോടെയുള്ള സംസാരം കേള്‍ക്കുമ്പോള്‍ ദേഷ്യപ്പെടുന്ന പോലെയാണെന്നും ചെറിയ പേടി തനിക്കുണ്ടെന്നും ശിവ പറഞ്ഞു. നിരവധി ചോദ്യങ്ങളുമായാണ് മമ്മൂട്ടിയുടെ അടുത്തേക്ക് ശിവയും സതീഷും എത്തിയത്.
തമിഴ് സിനിമകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു മമ്മൂട്ടിയോട് മിര്‍ച്ചി ശിവ ചോദിച്ചത്. ” തമിഴ് സിനിമയെ ആരാണ് ശ്രദ്ധിക്കാത്തത്. വെസ്റ്റേണ്‍ ഗാര്‍ഡ്‌സ്, പരിയേരും പെരുമാള്‍, 96, കോലമാവ് കോകില, കാലാ, കബാലി, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഞാന്‍ കണ്ടു. ഇവിടെയുള്ള എല്ലാ നടന്മാരുടെയും സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
പക്ഷേ ഈ നടന്മാരൊന്നും എന്റെ സിനിമകള്‍ കാണാറില്ല. ഇപ്പോള്‍ പോയി ചോദിച്ചാല്‍ മതി…കണ്ടിട്ടില്ല സര്‍, കേട്ടിട്ടുണ്ട് എന്നായിരിക്കും മറുപടി. സാരമില്ല…”-മമ്മൂട്ടി പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് കണ്ടിട്ടുണ്ടെന്ന് മമ്മൂട്ടി മറുപടി നല്‍കി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്ന് ചോദ്യം. ‘കുഴപ്പമില്ല’ എന്ന ഒഴുക്കന്‍ മട്ടിലുള്ള ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരി പടര്‍ന്നു.
പിന്നാലെ നിങ്ങള്‍ക്ക് ദുല്‍ഖറിനെ ഇഷ്ടമാണോ എന്ന് തിരിച്ച് മമ്മൂട്ടി ചോദിച്ചു. ദുല്‍ഖറിനെ വലിയ ഇഷ്ടമാണെന്ന് അവതാരകന്റെ മറുപടി. പിന്നാലെ അടുത്ത ചോദ്യം; ‘ദുല്‍ഖറിനാണോ, സാറിനാണോ സ്ത്രീ ആരാധകര്‍ കൂടുതലുള്ളത്?’ മറുപടി: അത് ദുല്‍ഖറിനോട് തന്നെ ചോദിക്കണം.
തുടര്‍ന്ന് വേദിയില്‍ നിന്ന അഞ്ജലിയോട് ആരുടെ ആരാധികയാണെന്ന് ചോദിച്ചു. ‘മമ്മൂട്ടിയുടെ’ എന്ന് അഞ്ജലി മറുപടി നല്‍കി. ‘അപ്പോള്‍ ദുല്‍ഖറിനെ ഇഷ്ടമല്ലേ’ എന്നായി അവതാരകന്‍. സാറിനെ ഇഷ്ടമുള്ളതുകൊണ്ട് ദുല്‍ഖറിനെയും ഇഷ്ടമാണെന്ന് അഞ്ജലി പറഞ്ഞു.