ചെന്നൈ: സിനിമാ വിഷയങ്ങളിലുപരി സാമൂഹ്യ വിഷയങ്ങളിലും ഇടപെടുന്ന നടനാണ് ധനുഷ്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ ആരോഗ്യകാര്യങ്ങള്‍ പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. തനിക്കറിയാവുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ഷെയര്‍ ചെയ്യുന്നതെന്ന് ധനുഷ് പറഞ്ഞു. നെഞ്ചുവേദന വന്നാല്‍ ആദ്യം എന്ത് ചെയ്യണമെന്ന് പോലും അറിയാത്തവര്‍ നിരവധിയാണെന്ന് നടന്‍ പറഞ്ഞു.
ധനുഷിന്റെ വാക്കുകള്‍:
ഞാന്‍ ഒരു വെജിറ്റേറിയനാണ്. വെജിറ്റേറിയന്‍ എന്ന് പറയുന്നത് വലിയ അഭിമാനമാണ്. പക്ഷേ ഒരു ഹോട്ടലില്‍ കയറിയാല്‍ മെനുവില്‍ നാലോ അഞ്ചോ വെജിറ്റേറിയന്‍ ഐറ്റംസ് മാത്രമേ ഉണ്ടാകൂ. കുറച്ച് കഷ്ടം തന്നെയാണ് പക്ഷേ, ആരോഗ്യകരമാണ്.
ഇപ്പോള്‍ ആളുകള്‍ വ്യായാമം ചെയ്യുന്നത് തന്നെ കുറവാണ്. പണ്ട് ക്ലീനിങ്, കോലമിടല്‍, പാചകം, പാത്രം കഴുകല്‍ എല്ലാം ഒരു വ്യായാമ മുറയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഞങ്ങള്‍ കൊണ്ടുതരാം എന്ന രീതിയില്‍ നിരവധി അപ്ലിക്കേഷനുകള്‍ വന്നിട്ടുണ്ട്.
സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ വരെ ഇന്ന് എക്‌സൈസ് എന്ന പേരിലായി. ഒരു കാലത്ത് ചിരിക്കുന്നത് വരെ എക്‌സൈസ് ആകുമെന്ന് പറഞ്ഞയാളാണ് ചാര്‍ലി ചാപ്ലിന്‍. അത് ഇന്നത്തെ കാലത്ത് സത്യമാണ്. ഇപ്പോഴൊക്കെ ചിരിക്കാന്‍ വേണ്ടിമാത്രം ക്ലബുകള്‍ ഉണ്ട്.
നെഞ്ചുവേദന വരുമ്പോള്‍ സോഡ കുടിച്ചാല്‍ മതിയെന്ന് പറഞ്ഞവനെ ഓടിച്ചിട്ട് അടിക്കണം. അത് ആര് പറഞ്ഞെന്ന് അറിഞ്ഞില്ല. കുറച്ചുദിവസത്തിന് മുന്‍പ് എന്റെ ഒരു ബന്ധുവിന് നെഞ്ചുവേദന വന്നു. സോഡ കുടിച്ച് ബൈക്കില്‍ പോകുന്നതിനിടയ്ക്ക് തന്നെ അദ്ദേഹം വീണു. ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചുവേദന വന്നാല്‍ ഗ്യാസ് ആണെന്ന് കരുതി ജെലുസിന്‍ ടാബ്ലറ്റ് കഴിക്കുന്നവരാണ് പലരും. അങ്ങനെ ചെയ്യരുത്.-ധനുഷ് പറഞ്ഞു.