നടന്‍ മോഹന്‍ലാലിനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍. ബിജെപിയെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും മത്സര രംഗത്തിറങ്ങാന്‍ ലാലിനെ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതാവ് വിമല്‍ കുമാര്‍ പറഞ്ഞു.
ബിജെപി നേതാക്കളായ ഒ രാജഗോപാലും എംടി രമേശും എന്തിനാണ് മോഹന്‍ലാലിന്റെ പുറകെ നടക്കുന്നതെന്ന് വിമല്‍ കുമാര്‍ പറഞ്ഞു. മോഹന്‍ലാലിനെ സംഘിയാക്കാനുള്ള ശ്രമത്തില്‍ നിന്നും ഇടതുപക്ഷം ബിജെപിയെ പിന്തിരിപ്പിക്കണമെന്നും ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
“മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കെട്ടിത്തൂക്കി ഇറക്കിയതായി ജനങ്ങള്‍ കാണും. ലാല്‍ സാറിന്റെ സിനിമ കാണാനാണ് ആഗ്രഹിക്കുന്നത്. ലാല്‍ സാര്‍ സിനിമയില്‍ അഭിനയിക്കാതെ പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ല. ലാല്‍ സാര്‍ സിനിമയില്‍ ഉണ്ടാകണമെന്നാണ് എല്ലാ പ്രേക്ഷകരുടേയും ആഗ്രഹം. ലാല്‍ സാറിനെ മത്സരിപ്പിക്കാന്‍ ഫാന്‍സ് അസോസിയേഷന്‍ ഒരിക്കലും സമ്മതിക്കില്ല. അതിന് വേണ്ടി ആര് കച്ചകെട്ടിയിറങ്ങിയാലും സമ്മതിക്കില്ല. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
മുതുകാട് വന്നിട്ട് ഫയര്‍ എസ്‌കേപ് എന്ന ജീവന്‍മരണ പോരാട്ടം ഷോയായി നടത്താന്‍ നോക്കി. ലാല്‍ സാറിനെ ഞങ്ങള്‍ പിന്തിരിപ്പിച്ചു. എന്തിനാ പോകുന്നത്? ലാല്‍ സാര്‍ ജയിച്ചിട്ട് ഇപ്പോള്‍ എന്തു ചെയ്യാന്‍ പോകുന്നു? ഒന്നും ചെയ്യണ്ട. ലാല്‍ സാറിനിപ്പോ സമൂഹത്തിനോട് ഒരു കടപ്പാട് ഉണ്ട്. ബിജെപി എന്നല്ല ഒരു രാഷ്ട്രീയ പ്രസ്ഥാനം ശ്രമിച്ചാലും ഞങ്ങള്‍ അനുവദിക്കില്ല. ലാല്‍ സാര്‍ അതിന്റെ കൂട്ടത്തില്‍ നില്‍ക്കില്ല. അതില്‍ പ്രതിഷേധിക്കേണ്ട കാര്യം പോലുമുണ്ടാകില്ല.
ലാല്‍ സാര്‍ ഇറങ്ങുന്നില്ലല്ലോ. ഈ രാജഗോപാലും എം ടി രമേശുമൊക്കെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു. അവര്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകുമോ ഇല്ലയോ എന്നുള്ള കാര്യം അവര്‍ പറയട്ടെ. അവരുടെ പാര്‍ട്ടി സീറ്റ് കൊടുക്കുവോ ഇല്ലയോ എന്ന് അവര്‍ പറയട്ടെ. അവരെന്തിനാ മോഹന്‍ലാലിന്റെ പുറകെ നടക്കുന്നത്?.
മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഒരിക്കലും പാടില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ അത് ചെയ്യാന്‍ പാടില്ല. മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളമാകെ ആരാധകരുടെ പ്രതിഷേധം കാണേണ്ടി വരും. നൂറ് ശതമാനം. ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന കൂട്ടായ്മ വലിയ കൂട്ടായ്മയാണ്.
അതൊരു സംഘടനയാണ്. അതില്‍ പല ജാതിയിലും പല മതത്തിലും പല രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളില്‍ ഉള്ളവരുണ്ട്. ഇവരെല്ലാം ഇതിന് കച്ചകെട്ടി ഇറങ്ങുമെന്നാണോ വിചാരിക്കുന്നത്. അങ്ങനെയൊന്നുമില്ല. ഓരോ ആള്‍ക്കാര്‍ക്കും ഓരോ ചിന്താഗതിയും ഓരോ ഇഷ്ടങ്ങളും ഉണ്ട്. അതനുസരിച്ചേ അവര്‍ നില്‍ക്കുകയുള്ളൂ.
ബിജെപിക്കാര്‍ തന്നെ മോഹന്‍ലാലിനെ ബിജെപിയോട് അടുപ്പിച്ച് നിര്‍ത്തുന്നു എന്ന് പ്രചരിപ്പിക്കുന്നു. ഇവിടെ ഇടതുപക്ഷമുണ്ട്. പലരേയും ഇടതുപക്ഷം സംഘികളാക്കാന്‍ ശ്രമിക്കുന്നത് കാണുന്നുണ്ട്. പക്ഷെ വളരെ സങ്കടകരമായ കാര്യം എന്താണെന്ന് വെച്ചാല്‍, ഇപ്പോള്‍ ബിജെപി തന്നെ ലാല്‍സാറിനെ സംഘിയാക്കാന്‍ ശ്രമിക്കുമ്ബോള്‍ ഇതിനെ ചെറുത്തുനില്‍ക്കാന്‍ വരുന്നില്ല. അത് വളരെ ദു:ഖകരമായ കാര്യമാണ്. ബിജെപിക്കാര്‍ തന്നെ മോഹന്‍ലാലിനെ സംഘിയാക്കുന്നതാണ് ഇപ്പോള്‍ കാണുന്ന കാഴ്ച്ച. ഇടതുപക്ഷം ഇതില്‍ ഇടപെടണം. ബിജെപിയോട് ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെടണം. പൊതുസമൂഹത്തോട് അവര്‍ പ്രഖ്യാപിക്കണം.
അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വ് അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് ഇതൊന്നും അറിയില്ല. ലാല്‍ സാറിന്റെ കൂടെ നടക്കുന്ന ആര്‍ക്കും അറിയില്ല. ലാല്‍ സാര്‍ രാഷ്ട്രീയം പറയാറില്ല. എന്നാല്‍ ചിലര്‍ പറയുന്നത് കേട്ടിട്ട് ശരിയാണല്ലോ എന്ന് പറയും. കുറച്ച് ഇപ്പുറത്ത് വരുമ്ബോഴേക്കും വേറൊരാള്‍ മറ്റൊന്ന് പറയുമ്ബോള്‍ അതും ശരിയാണ് എന്ന് പറയും അങ്ങനെയുള്ള ഒരാളാണ് അദ്ദേഹം.”