ധോണിയേയും കോഹ്‌ലിയേയും പിന്നിലാക്കി കിംഗ് ഒഫ് ചേസ് റെക്കോര്‍ഡ് മിതാലി രാജിന്

26

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് റെക്കോര്‍ഡ്. ഏകദിനത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്നതില്‍ ഉയര്‍ന്ന ശരാശരിയുളള താരമെന്ന റെക്കോര്‍ഡാണ് മിതാലിക്ക് ലഭിച്ചത്.

Advertisements

ഇന്ത്യന്‍ ചേസ് രാജാക്കന്‍മാരായ വിരാട് കോലിയെയും എം എസ് ധോണിയെയും പിന്നിലാക്കിയാണ് മിതാലി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ 48 ഇന്നിംഗ്‌സുകളില്‍ നിന്ന് 111.29 ശരാശരിയില്‍ 1892 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. 103 ആണ് മിതാലിയുടെ ഉയര്‍ന്ന സ്‌കോര്‍.

എന്നാല്‍ രണ്ടാമതുള്ള എംഎസ് ധോണിക്ക് 73 ഇന്നിംഗ്‌സുകളില്‍ 103.07 ശരാശരിയില്‍ 2783 റണ്‍സാണുള്ളത്. മൂന്നാമന്‍ കോലി 80 ഇന്നിംഗ്‌സുകളില്‍ 96.23 ശരാശരിയില്‍ 5004 റണ്‍സ് നേടി. കോലിയുടെയും ധോണിയുടെയും ഉയര്‍ന്ന സ്‌കോര്‍ 183 ആണ്.

എന്നാല്‍ ഇത്രയും ഇന്നിംഗ്‌സുകളില്‍ 21 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ട്. ധോണിക്ക് രണ്ടും മിതാലിക്ക് ഒരു സെഞ്ചുറിയും വീതമാണുള്ളത്.

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 63 റണ്‍സാണ് മിതാലി നേടിയത്. ഓപ്പണര്‍ സ്മൃതി മന്ദാനയും(90*) തിളങ്ങിയപ്പോള്‍ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.

Advertisement