ആലപ്പുഴ: മരുന്നു വാങ്ങാൻ പണമില്ലെന്നറിയച്ചുടൻ വിജയ് സേതുപതി പണം നൽകിയ വൃദ്ധ ഷൂട്ടിങ് ലോക്കേഷനിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴയിൽ ഷൂട്ടിങ് നടക്കുന്ന വിജയ് സേതുപതിയുടെ മാമനിതൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കാവാലം അച്ചാമ്മയെന്ന വയോധികയുടെ അന്ത്യം.
വിജയ് പണം നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നതിനിടെയാണ് അച്ചാമ്മയുടെ മരണം. സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. അവിവാഹിതയായ ഇവർക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇവർ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മാമനിതന്‍റെ ഷൂട്ടിങ് സെറ്റിൽ വൃദ്ധയെത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്‍റെ ഇടവേളയിൽ ആരാധകരോടൊപ്പം ഫോട്ടൊയെടുക്കുന്നതിനിടെ ഒരു വൃദ്ധയെ ജനക്കൂട്ടത്തിനിടെ വെച്ച് താരം ശ്രദ്ധിച്ചു. തന്നോട് വൃദ്ധ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നിയ താരം അങ്ങോട്ട് ചെല്ലുകയും എന്താണെന്നും തിരിക്കുകയും ചെയ്തു.
മരുന്നു വാങ്ങാൻ പൈസയില്ല മോനേ എന്ന് വൃദ്ധ പറഞ്ഞതോടെ തന്‍റെ കൂടെയുണ്ടായിരുന്ന സഹായികളോട് പണം നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കോസ്റ്റ്യൂമർ ഇബ്രാഹിമിന്‍റെ പേഴ്സ് തുറന്ന് തുക എത്രയാണെന്നു എണ്ണി നോക്കാതെ വൃദ്ധയ്ക്ക് നൽകികുകയായിരുന്നു.