ഇന്ന് സമൂഹത്തില്‍ പല തരത്തിലുമുള്ള ജോലികളെ കുറിച്ച് നമുക്കറിയാം. എന്നാല്‍ ആരെങ്കിലും കെട്ടിപ്പിടിക്കുന്ന ജോലിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലും ഒരു ജോലിയുണ്ട്. ഇതിന്റെ സാലറിയാകട്ടെ മണിക്കൂറിന് 5700 രൂപയും. സാമന്ത ഹേസ് എന്ന അമേരിക്കക്കാരിയാണ് ഹഗ് തെറാപ്പി, കഡില്‍ തെറാപ്പി തുടങ്ങിയ പേരുകളില്‍ ആലിംഗനം ഉപയോഗിച്ചുള്ള ചികിത്സാ രീതി ഇത്രയും പ്രശസ്തമാക്കിയത്.
എന്നാല്‍ വെറുതെയങ്ങ് കെട്ടിപ്പിടിക്കാമെന്നുവെച്ചാല്‍ അത് നടക്കില്ല. പകരം അതിന് കുറേ നിബന്ധനകളുണ്ട്. . ലൈംഗിക ഉദ്ധാരണം പ്രോത്സാഹിപ്പിക്കുന്നതൊന്നും ക്ലയന്റ് ചെയ്യാന്‍ പാടില്ല, ശരീരത്തെ ശരിയായ വിധത്തില്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചിരിക്കണം ഇങ്ങനെ പോകുന്നു പ്രധാന നിര്‍ദേശങ്ങള്‍.
സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ:
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു 5 വര്‍ഷം കഴിഞ്ഞപ്പോഴാണു സാമന്ത ഹേസ് എന്ന അമേരിക്കക്കാരിക്കു സ്പര്‍ശന ദാരിദ്ര്യം അനുഭവപ്പെട്ടത്. ഡേറ്റിങ്ങിനൊക്കെ ഒരു പാടു പേരെ സാമന്തയ്ക്കു എളുപ്പം ലഭിക്കുമായിരുന്നു. പക്ഷേ ലൈംഗികപരമായ സ്പര്‍ശനമായിരുന്നില്ല സാമന്തയ്ക്കു വേണ്ടിയിരുന്നത്. വെറുതെ ഒന്നു കെട്ടിപ്പിടിക്കാന്‍, തൊടാന്‍, ലൈംഗിക തൃഷ്ണയോടല്ലാതെ തഴുകി ആശ്വസിപ്പിക്കാന്‍ ആരെയെങ്കിലുമാണു സാമന്ത തേടിയത്.
കാപ്പി കുടിക്കാന്‍ സ്റ്റാര്‍ ബക്‌സില്‍ പോണതു പോലെ നല്ലൊരു കെട്ടിപ്പിടുത്തം ലഭിക്കാന്‍ പിന്നീടു വൈകാരിക ബാധ്യതയാകാത്ത ഒരപരിചിതനെ കിട്ടാന്‍ ഒരു കടയുണ്ടായിരുന്നെങ്കില്‍ എന്നു സാമന്ത ചിന്തിച്ചു. അങ്ങനെയാണ് 2014ല്‍ കഡില്‍ അപ് ടു മി( Cuddle Up To Me) എന്ന സ്ഥാപനം സാമന്ത തുറക്കുന്നത്. ബിസിനസ്സ് ലൈസന്‍സിനുള്ള 500 ഡോളറും ഒരു വെബ് സൈറ്റുമായിരുന്നു മൂലധനം.
ഏഴു ദിവസം കൊണ്ടു 10,000 അപേക്ഷകള്‍ ലഭിച്ചു. ആദ്യമൊക്കെ ഇതിനു വേണ്ടി കെട്ടിടം വാടകയ്ക്കു നല്‍കാന്‍ തന്നെ പലര്‍ക്കും മടിയായിരുന്നു. പ്രാദേശിക ഭരണകൂടം വ്യഭിചാരത്തിനുള്ള മറയാണോ ഇതെന്നും സംശയിച്ചു. 9 മാസം കൊണ്ടാണ് ഒരു കെട്ടിടം വാടകയ്ക്കു ലഭിച്ചത്.
ഇതില്‍ സെക്‌സിന്റെ കണിക പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനും സമയമെടുത്തു. ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ ഒരുമിച്ചു രണ്ടു പേര്‍ക്ക് കെട്ടിപ്പിടിച്ച് കട്ടിലില്‍ കിടക്കാം എന്നതു പോലും ചിലര്‍ക്കൊക്കെ ആദ്യം ദഹിക്കാന്‍ എളുപ്പമായിരുന്നില്ല. കെട്ടിപ്പിടുത്തത്തില്‍ കവിഞ്ഞുള്ള ലൈംഗിക ഉദ്ദേശ്യങ്ങളുമായി വന്നവരെയും അകറ്റി നിര്‍ത്തി. പക്ഷേ കുറച്ചു വര്‍ഷങ്ങള്‍ക്കകം ഈ പ്രഫഷണല്‍ സേവനത്തിനു പ്രചാരമേറി.
പരിശീലനം നേടിയ പ്രഫഷണല്‍ കെട്ടിപ്പിടുത്തക്കാര്‍ ഇന്നിവിടെ ഉപഭോക്താക്കളെ ലൈംഗികേതരമായ രീതിയില്‍ കെട്ടിപ്പിടിക്കുകയും കൈകോര്‍ക്കുകയും തഴുകുകയുമൊക്കെ ചെയ്യുന്നു. ഒന്നര മുതല്‍ മൂന്നു മണിക്കൂര്‍ വരെയൊക്കെയാണ് സെഷനുകളുടെ ശരാശരി സമയം. മാമാ ബെയര്‍, ഗമ്മി വോം തുടങ്ങിയ അന്‍പതോളം കഡ്‌ലിങ്ങ് പൊസിഷനുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.
കഡ്ലിസ്റ്റ്.കോം എന്ന ഒരു വെബ്‌സൈറ്റാകട്ടെ മണിക്കൂറില്‍ 80 ഡോളര്‍ ( 5700 രൂപ) ആണ് കെട്ടിപ്പിടുത്തത്തിന് ഈടാക്കുന്നത്. കര്‍ശനമായ പെരുമാറ്റ ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് ഈ കഡ് ലിങ്ങ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ലൈംഗിക ഉദ്ധാരണം പ്രോത്സാഹിപ്പിക്കുന്നതൊന്നും ക്ലയന്റ് ചെയ്യാന്‍ പാടില്ല, ശരീരത്തെ ശരിയായ വിധത്തില്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചിരിക്കണം, ലൈംഗിക അവയവങ്ങളിലേക്ക് കൈകള്‍ നീളാന്‍ പാടില്ല, ചുണ്ടുകളില്‍ തൊടാനോ ചുംബിക്കാനോ പാടില്ല എന്നിങ്ങനെ നീളുന്നു പെരുമാറ്റച്ചട്ടം.
സെഷനിടയ്ക്ക് ഇനി ലൈംഗിക ഉദ്ധാരണം സംഭവിച്ചാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്തി അല്‍പം കഴിഞ്ഞ് അത്രയ്ക്ക് ഉത്തേജനം ഉണ്ടാക്കാത്ത മറ്റൊരു പൊസിഷനില്‍ ആലിംഗനം തുടരും. സെഷനുകള്‍ പൂര്‍ണ്ണമായും ക്യാമറയുടെ സഹായത്തോടെ മൂന്നാമത് ഒരാളുടെ നിരീക്ഷണത്തിലാകും നടക്കുക. തെറ്റായ ലക്ഷ്യങ്ങളോടെ വരുന്നവര്‍ അതിനു ശ്രമിച്ചാല്‍ ഉടനെ തന്നെ സെഷന്‍ അവസാനിപ്പിക്കപ്പെടും.
നാനൂറിലധികം പേര്‍ക്കാണ് കഡ്ലിസ്റ്റ്.കോം കെട്ടിപ്പിടുത്തത്തില്‍ പ്രഫഷണല്‍ പരിശീലനം നല്‍കിയത്. പല ഉപഭോക്താക്കളും എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ധവും ഉത്കണ്ഠയും ഏകാന്തതയുമൊക്കെ അനുഭവിക്കുന്നവരാണെന്ന് കഡ് ലിസ്റ്റ്.കോം സഹസ്ഥാപകന്‍ ആഡം ലിപ്പിന്‍ പറയുന്നു. സാമൂഹിക കെട്ടിപ്പിടുത്തത്തിനുള്ള സാഹചര്യം ഒരുക്കുന്ന കഡില്‍ പാര്‍ട്ടികളും ഇത്തരം പ്രഫഷണലുകള്‍ സംഘടിപ്പിക്കാറുണ്ട്.