പ്രണവ് മോഹന്‍ലാല്‍ അരുണ്‍ ഗോപി കൂട്ടുകെട്ടിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് മികച്ച ചിത്രമെന്ന നിലയില്‍ പ്രേക്ഷക പ്രതികരണം. താര പുത്രന്റെ ചിത്രം എന്ന് ഒതുങ്ങിപ്പോവാതെ ഒരുപാട് കാര്യങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും ഈ ചിത്രം പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു.
ഏറെ കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമാ പ്രേമികള്‍ക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ . രാമലീല എന്ന വമ്പന്‍ വിജയം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറിയ അരുണ്‍ ഗോപി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുളകുപാടം ഫിലിമ്‌സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്.
സംവിധായകന്‍ അരുണ്‍ ഗോപി തന്നെ രചനയും നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പുതുമുഖമായ സായ ഡേവിഡ് ആണ്. ഇതിന്റെ പോസ്റ്ററുകളും ട്രെയ്ലറും ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്.
പ്രണവ് അവതരിപ്പിക്കുന്ന അപ്പു എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഒരു സര്‍ഫിംഗ് ഇന്‍സ്ട്രക്ടറുടെ കഥാപാത്രം ആണ് പ്രണവിന്റെ അപ്പു. ഈ അപ്പുവിന്റെ ജീവിതത്തില്‍ സായ എന്ന ഒരു പെണ്‍കുട്ടി കടന്നു വരികയും അതിനെ തുടര്‍ന്ന് അവനു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്.
അത്യാവശ്യം അടിപിടി കൊട്ടേഷന്‍ പരിപാടികളില്‍ ഗോവയില്‍ ജീവിക്കുന്ന ഒരു കുടുംബമാണ് നായകന്‍ അപ്പുവിന്റേത് (പ്രണവ്). അവിടെയുള്ള അയാളുടെ കൂട്ടുകാരും, അവര്‍ക്കിടയിലേക്ക് വന്നുപെടുന്ന പെണ്‍കുട്ടിയുമാണ് ചിത്രത്തിന്റെ ആരംഭത്തില്‍.
വിനോദ സഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരെയും മോഹിപ്പിക്കുന്ന ഫ്രെയിംസും, അവിടുത്തെ ആഘോഷങ്ങളും കൊണ്ട് ആദ്യ പകുതിയെ നിറക്കുന്നു. ഈ അടിച്ചു പൊളി ജീവിതത്തില്‍ എവിടെ കഥയും ട്വിസ്റ്റും എന്ന് ചിന്തിക്കുന്ന പ്രേക്ഷകന്റെ കാത്തിരിപ്പ് ഇടവേള വരെ നീളുന്നു.
കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനും, അവര്‍ തമ്മിലുള്ള ബന്ധം പറഞ്ഞുറപ്പിക്കുന്നതിനുമായി ആവശ്യത്തിലേറെ സമയം ചിലവിടുന്ന ആദ്യ പകുതി ജീവന്‍ വയ്ക്കുന്നത് കരുത്തുള്ള തിരക്കഥയുടെ രണ്ടാം ഭാഗത്തിലാണ്. ഇവിടെ ദൃഢമേറിയ പ്രണയം വന്നു കയറുന്നു, അതിന്റെ ചുറ്റുപാടില്‍ തിരക്കഥാകൃത്ത് ഈ കാലത്തു നടക്കുന്ന പല പേക്കൂത്തുകളെയും വിമര്‍ശിക്കേണ്ട വിധത്തില്‍ തന്നെ വിമര്‍ശിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍ ഒരു കിടിലന്‍ എന്റെര്‍റ്റൈനെര്‍ തന്നെയാണ് അരുണ്‍ ഗോപി ഒരിക്കല്‍ കൂടി നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ ഗോപി പുലര്‍ത്തിയ കയ്യടക്കമാണ് ഈ സിനിമയുടെഏറ്റവും വലിയ മികവ്. കാരണം, അത്ര മികച്ച രീതിയില്‍ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കാന്‍ അരുണ്‍ ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം തന്നെ എഴുതിയ തിരക്കഥ ആയിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ല്.
ആദ്യമായാണ് അദ്ദേഹം തിരക്കഥ ഒരുക്കിയത് എങ്കിലും രചനയില്‍ അതിന്റെ പ്രശനങ്ങള്‍ ഒന്നും തന്നെ പ്രതിഫലിച്ചില്ല എന്നും പറയാം. ആവേശകരമായ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ തിരക്കഥ ആദ്യാവസാനം പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന രീതിയിലും കൂടിയാണ് ഒരുക്കിയത്. കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ഐഡന്റിറ്റി നല്‍കാനും കഥാസന്ദര്‍ഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും അരുണ്‍ ഗോപിയുടെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട്.
ആദ്യാവസാനം ആവേശകരമായ രീതിയില്‍ ആണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. കോമെടിയും റൊമാന്‌സും ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും എല്ലാം കൃത്യമായ അളവില്‍ കൂട്ടിയിണക്കിയാണ് ഈ ചിത്രം അരുണ്‍ ഗോപി നമ്മുക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ എന്ന യുവ നടന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചത്. അതുപോലെ ഡയലോഗ് ഡെലിവെറിയിലും മറ്റും തന്റെ ആദ്യ ചിത്രത്തേക്കുള്ള മികവ് പുലര്‍ത്താനും പ്രണവിന് സാധിച്ചിട്ടുണ്ട്.
ബാബ എന്ന കഥാപാത്രമായി അഭിനയിച്ച മനോജ് കെ ജയനും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചപ്പോള്‍ നായികാ വേഷത്തില്‍ എത്തിയ സായ ഡേവിഡും തന്റെ വേഷം ഏറ്റവും ഭംഗിയാക്കി. ഇവര്‍ക്ക് പുറമെ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിരവ്, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ , ബിജു കുട്ടന്‍, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂര്‍, ടിനി ടോം, ഗോകുല്‍ സുരേഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയില്‍ തന്നെ വെള്ളിത്തിരയിലെത്തിച്ചു.
അഭിനന്ദം രാമാനുജന്‍ ഒരുക്കിയ ദൃശ്യങ്ങള്‍ മികച്ച മാസ്സ് അപ്പീല്‍ ചിത്രത്തിന് നല്‍കിയപ്പോള്‍ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹം ഒരുക്കിയ ഗാനങ്ങളും ഈ സിനിമയുടെ എനര്‍ജി ലെവല്‍ കൂട്ടിയിട്ടുണ്ട് . എഡിറ്റിംഗ് നിര്‍വഹിച്ച വിവേക് ഹര്‍ഷന്‍ എന്ന പ്രതിഭ ഒരിക്കല്‍ കൂടി തന്റെ മികവ് പുലര്‍ത്തിയപ്പോള്‍ മികച്ച വേഗതയില്‍ ആണ് ഈ ചിത്രം മുന്നോട്ടു പോയത് എന്ന് പറയാം.
സുപ്രീം സുന്ദര്‍, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ ഒരുക്കിയ സംഘട്ടനവും ഗംഭീരമായി തന്നെ വന്നിട്ടുണ്ട്. ചുരുക്കി പറയുകയാണെങ്കില്‍ സാങ്കേതികമായും കഥാപരമായതും മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു കിടിലന്‍ ത്രില്ലിംഗ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പക്കാ എന്റെര്‍റ്റൈനെറുകള്‍ ഇഷ്ട്ടപെടുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാതെ ഒരു ചിത്രമാണ് ഇതെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. രാമലീലയില്‍ നേടിയ വിജയം അരുണ്‍ ഗോപി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും എന്ന് നിസംശയം പറയാം നമ്മുക്ക്.
മതവും വിശ്വാസവും മനുഷ്യന് തന്റെ അഭിപ്രായത്തിലൂന്നി ജീവിക്കാനുള്ള പ്രസ്ഥാനമെന്നാണെന്നും, യഥാര്‍ത്ഥ കമ്മ്യൂണിസം എന്നാല്‍ മാനവികത എന്നുമുള്ള എന്നോ മറന്നു പോയ പാഠങ്ങളെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. വാസ്തവത്തെ വറുത്തരച്ച മീന്‍ കറി വയ്ക്കുന്ന ഭാവത്തോടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിലെ രചയിതാവ് കൂടിയായ സംവിധായകന്റെ അമര്‍ഷവും വ്യക്തം.
ഇനി എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാവും അഭിനയത്തില്‍ പ്രണവ് അച്ഛനോളം ആണോ എന്ന്. അങ്ങനെ ചേരുംപടി ചേര്‍ക്കലുകള്‍ ചെയ്താല്‍ തിരനോട്ടത്തിന് ശേഷം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ’ ലാലും മകനും തമ്മിലെ താരതമ്യം ആവും ഉചിതം. രണ്ടും ഇരുവരുടെയും രണ്ടാം ചിത്രം. ‘ഗുഡ് ഈവെനിംഗ് മിസ്സിസ് പ്രഭ നരേന്ദ്രന്‍’ എന്ന ഡയലോഗില്‍ നിന്നും കാതങ്ങള്‍ താണ്ടിയിരിക്കുന്നു സാഗര്‍ എലിയാസ് ജാക്കിയും, മംഗലശ്ശേരി നീലകണ്ഠനും, സഖാവ് നെട്ടൂരാനും, പൂവള്ളി ഇന്ദുചൂഡനും ഒക്കെയായി മാറിയ മോഹന്‍ലാല്‍.
പ്രണയവും, ആക്ഷനും, അഡ്വെഞ്ചറും, ത്രില്ലും, സസ്പെന്‍സും, ചിന്തയും അങ്ങനെ ഒരു പ്രേക്ഷകന്‍ ആഗ്രഹിക്കുന്നതെല്ലാം അളവിലോ തൂക്കത്തിലോ കൂടാതെയും കുറയാതെയും വിളമ്പുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.